Breaking News

സീക്കോ മൊബിലിറ്റിയുമായി സഹകരിച്ച് കൊച്ചിയിലേക്ക് യുലുവിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും എത്തുന്നു

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ടൂ വീലര്‍ മൊബിലിറ്റി കമ്പനിയായ യുലു, സീക്കോ മൊബിലിറ്റിയുമായി സഹകരിച്ച് കൊച്ചിയില്‍ തങ്ങളുടെ സേവനങ്ങള്‍ ആരംഭിക്കുന്നു. ക്ലീന്‍ എനര്‍ജി ആന്‍ഡ് മൊബിലിറ്റി സംരംഭകനായ ആര്‍ ശ്യാം ശങ്കറിന്റെ നേതൃത്വത്തിലുള്ള സീക്കോ മൊബിലിറ്റി, യുലുവിന്റെ അടിസ്ഥാന സൗകര്യവും സാങ്കേതികവുമായ പിന്തുണയോടെ കൊച്ചിയിലുടനീളം ഇലക്ട്രിക് വാഹന (ഇവി) സേവനം സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കും. ഈ മാസമാദ്യം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കമ്പനി സേവനം ആരംഭിച്ചിരുന്ു.

കൊച്ചിയിൽ യുലുവിൻ്റെയും സീക്കോയുടെയും സേവനങ്ങൾ ആരംഭിക്കുന്നതിലൂടെ യുലു ബിസിനസ് പാർട്ണർ (YBP) സംരംഭത്തിൻ്റെ ജൈത്രയാത്രയിലെ തുടർച്ചയായ രണ്ടാം വിജയമാണ്. മധ്യപ്രദേശിലെ ഇൻഡോറിന് ശേഷം യുലുവിൻ്റെ രണ്ടാമത്തെ പ്രവർത്തന പങ്കാളി നേതൃത്വത്തിലുള്ള വിപണിയാണ് ഇപ്പോൾ കൊച്ചി.

പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം – ഊർജ-കാര്യക്ഷമമായ ഇലക്ട്രിക് ബോട്ടുകളുള്ള ആദ്യത്തെ വാട്ടർ മെട്രോ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ടൂറിസം ഇൻഫ്രാസ്ട്രക്ചറിന് പ്രശസ്തമാണ് കൊച്ചി. യുലുവിന്റെ ഇവികള്‍ സീറോ ടെയില്‍ പൈപ്പ് എമിഷന്‍, ഉയര്‍ന്ന പ്രവേശനക്ഷമതയും താങ്ങാനാവുന്ന വിലയും പോലുള്ള സവിശേഷതകളോടെ കൊച്ചിയിലെ സുസ്ഥിര വിനോദസഞ്ചാരത്തിനും യാത്രാമാര്‍ഗത്തിനും മറ്റൊരു മാനം നല്‍കും.

ഈ ഇവികള്‍ ജെഎല്‍എന്‍ സ്റ്റേഡിയം സോണ്‍ (കലൂരില്‍), മേനക സോണ്‍, ബ്രോഡ്വേ സോണ്‍, (മറൈന്‍ ഡ്രൈവില്‍) എന്നിടങ്ങളിലാണ് വിന്യസിക്കുക. മറൈന്‍ ഡ്രൈവ്, ബ്രോഡ്വേ, ഷണ്‍മുഖം റോഡ്, എംജി റോഡ്, കലൂര്‍ സ്റ്റേഡിയം, ഇടപ്പള്ളി, പനമ്പള്ളി നഗര്‍, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍ ദ്വീപ്, ബോള്‍ഗാട്ടി ദ്വീപ് എന്നിവ ഈ സോണുകള്‍ക്കിടയില്‍ ഉള്‍പ്പെടുന്നു.സേവനങ്ങള്‍ രാവിലെ 7:00AM മുതല്‍ അര്‍ദ്ധരാത്രി 12:00 വരെ ലഭ്യമാകും, കൂടാതെ ഉപയോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഒരു മണിക്കൂര്‍ അല്ലെങ്കില്‍ ദിവസ അടിസ്ഥാനത്തില്‍ ഇവ വാടകയ്ക്കെടുക്കാം.

മധ്യപ്രദേശിലെ ഇൻഡോറിന് ശേഷം യുലുവിൻ്റെ കേരളത്തിന്റെ സാംസ്‌കാരിക വാണിജ്യ തലസ്ഥാനമായ കൊച്ചിയിലേക്ക് സംരംഭം വ്യാപിപ്പിക്കുന്നതില്‍ സന്തുഷ്ടനാണെന്ന്് യുലു സഹസ്ഥാപകനും സിഇഒയുമായ അമിത് ഗുപ്ത പറഞ്ഞു.നഗരത്തില്‍ ഹരിത മൊബിലിറ്റി വിപ്ലവം ആരംഭിക്കാനുള്ള ആഗ്രഹവും പ്രതിബദ്ധതയും ചിന്താഗതിയുമുള്ള സംരംഭകനായ സീക്കോ മൊബിലിറ്റിയുടെ സ്ഥാപകനായ ആര്‍ ശ്യാം ശങ്കറുമായി കൈകോര്‍ത്തതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗരോർജ്ജ ഉൽപ്പാദനവും വൈദ്യുത ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറും സമന്വയിപ്പിക്കുന്ന സുസ്ഥിര മൊബിലിറ്റിയിലേക്ക് കടക്കുന്നത് സീക്കോയുടെ വിവേകപരമായ ഒരു കാൽവയ്പ്പാണ് എന്ന് സീക്കോ മൊബിലിറ്റി സ്ഥാപകൻ ആർ ശ്യാം ശങ്കർ അഭിപ്രായപ്പെട്ടു. കൊച്ചിയുടെ മനോഹരമായ തീരപ്രദേശം, സ്മാരകങ്ങള്‍, മാര്‍ക്കറ്റുകള്‍, ഫുഡ് ഹോട്ട്സ്പോട്ടുകള്‍ എന്നിവ പര്യവേക്ഷണം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ഇത് ഉപകാരപ്രദമായിരിക്കുമെന്ന് സ്ഥാപകന്‍ പറഞ്ഞു. “അഞ്ച് വർഷത്തിനുള്ളിൽ, ലോകമെമ്പാടുമുള്ള ഏതൊരു സന്ദർശകനും കാർബൺ എമിഷൻ ഇല്ലാത്ത കൊച്ചി ആസ്വദിക്കാൻ സാധിക്കണം എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പങ്കാളിത്തത്തിലൂടെ യുലു സീക്കോ മൊബിലിറ്റിക്ക് തങ്ങളുടെ ‘മിറക്കിൾ’ ഇവികളോടൊപ്പം എ.ഐ – ഐ.ഒ.ടി മൊബിലിറ്റി-ടെക് പ്ലാറ്റ്‌ഫോമും വിതരണം ചെയ്തു. യാത്രകൾക്കും ഒഴിവുസമയ റൈഡുകൾക്കുമായി നിർമ്മിച്ച മിറക്കിൾ, യുലുവിൻ്റെ സ്മാർട്ട്ഫോൺ ആപ്പ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന സ്മാർട്ടായതും ഭാരം കുറഞ്ഞതുമായ ഒരു ഇവിയാണ്. മണിക്കൂറിൽ 25 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ല എന്നത് ഈ വാഹനങ്ങളുടെ മറ്റൊരു സവിശേഷതയാണ്. വാഹനങ്ങൾക്ക് പുറമേ ഇവി ബാറ്ററികളും ചാർജറുകളും യുലുവിൻ്റെ അസോസിയേറ്റ് ആയ യുമ വഴി, സീക്കോ മൊബിലിറ്റിക്ക് ലഭിച്ചിട്ടുണ്ട്. അതോടൊപ്പം ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയുന്നതിനായുള്ള ജീവനക്കാരുടെ പിന്തുണയും യുലു നൽകിയിട്ടുണ്ട്.

കൊച്ചിക്കും ഇൻഡോറിനും പുറമെ ഇന്ത്യയുടെ പല പ്രധാന മെട്രോകളിലും യുലു സാന്നിധ്യമറിയിച്ചിട്ടുണ്ട്. ബെംഗളൂരു, മുംബൈ, നവി മുംബൈ, ഡൽഹി, ഗുരുഗ്രാം, ഇൻഡോർ എന്നിവിടങ്ങളിൽ 30,000 ഇവികൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഈ സ്ഥലങ്ങളിലുടനീളം ഇന്ന് 4+ ദശലക്ഷം ഉപയോക്താക്കൾക്ക് യുലുവിൻറെ സേവനം ലഭിക്കുന്നുണ്ട്. 20+ ദശലക്ഷം കിലോഗ്രാം കാർബൺ എമിഷൻ ഇതിനോടകം തടയുകയും ചെയ്തു. പ്രമുഖ ഡെലിവറി, ഇ-കൊമേഴ്‌സ് കമ്പനികളുമായി ഇതിനോടകം യുലു കൈകോർത്തിട്ടുണ്ട്.75 ദശലക്ഷത്തിലധികം കിലോമീറ്റർ ഗ്രീൻ റൈഡുകളും 80 ദശലക്ഷത്തിലധികം ഗ്രീൻ ഡെലിവറികളും യുലു ഇതിനോടകം സാധ്യമാക്കി.