Breaking News

‘കേരളം കത്തും’; ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരെ വിടാനാവശ്യപ്പെട്ട് കലാപാഹ്വാനം

കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ എന്ന അറിയപ്പെടുന്ന വ്ളോഗര്‍മാരായ എബിനും ലിബിനുമെതിരെ കണ്ണൂര്‍ ആര്‍.ടി.ഒ നടപടി സ്വീകരിച്ചതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ കലാപ ആഹ്വാനവുമായി ഒരു വിഭാഗം സോഷ്യല്‍ മീഡിയ യൂസേഴ്‌സ്. വാഹനം മോഡിഫിക്കേഷന്‍ ചെയ്തതിന്റേ പേരില്‍ ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ക്ക് നേരെ ചെയ്ത് കൂട്ടിയത് തിരികെ കിട്ടും എന്നാണ് ഭീഷണി.

‘നിരവധി ആരാധകരുള്ള ഞങ്ങളോട് കളിക്കേണ്ട, കേരളം കത്തും’, ‘ഇന്ന് ജെറ്റ് സഹോദരന്‍മാരെ പിടിച്ചു, നാളെ നമ്മളെയും അവര്‍ കുടുക്കും’, ‘ആ ഉദ്യോഗസ്ഥനെ പൂട്ടണം, അവനൊന്നും പുറത്തിറങ്ങാന്‍ പാടില്ല’ തുടങ്ങിയ പരാമര്‍ശങ്ങളാണ് ചിലര്‍ നടത്തിയിരിക്കുന്നത്. ഇതിനിടെ എബിനും ലിബിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കണ്ണൂര്‍ ആര്‍.ടി.ഒ രംഗത്തെത്തി. ഓഫീസ് പരിസരത്ത് മനപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനാണ് ഇരുവരും ശ്രമിച്ചതെന്നും നിയമവിരുദ്ധമായാണ് ഇവര്‍ വാഹനത്തില്‍ അറ്റകുറ്റപണികള്‍ നടത്തിയതെന്നും ആര്‍.ടി.ഒ മാധ്യമങ്ങളോട് പറഞ്ഞു.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനൊപ്പം ആര്‍.ടി ഓഫീസ് പ്രവര്‍ത്തനവും തടസപ്പെടുത്തിയതോടെയാണ് പൊലീസില്‍ വിവരം അറിയിച്ചതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. വാഹനം പിടിച്ചെടുത്തിട്ടില്ലെന്നും അവര്‍ തന്നെ ഇവിടെ കൊണ്ടിട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

‘മനപ്പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്. ഓഫീസില്‍ കയറി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയ സാഹചര്യവുമുണ്ടായി. എഴുതിയ ചെക്ക് റിപ്പോര്‍ട്ട് അന്തിമമല്ല. അവര്‍ക്ക് വേണമെങ്കില്‍ കോടതിയില്‍ പോകാം. ഇവിടെ വന്ന് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് നിയമം അറിയാത്തത് കൊണ്ടാണ്. കടുത്ത നിയമലംഘനമാണ് ഇവര്‍ നടത്തിയത്,’ ആര്‍.ടി.ഒ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കണ്ണൂര്‍ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കളക്ടറേറ്റിലെ ആര്‍.ടി.ഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയിലാണ് നടപടി. കഴിഞ്ഞദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ആള്‍ട്ടറേഷനുമായി ബന്ധപ്പെട്ടാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

തുടര്‍നടപടികള്‍ക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. തങ്ങളുടെ വാന്‍ ആര്‍.ടി.ഒ കസ്റ്റഡിയില്‍ എടുത്ത കാര്യം ഇവര്‍ സോഷ്യല്‍ മീഡയയിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇവരുടെ ആരാധകരായ ആള്‍ക്കാര്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഓഫീസിലേക്ക് എത്തി. വ്ളോഗര്‍മാരും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും കണ്ണൂര്‍ ടൗണ്‍ പൊലീസ് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *