Breaking News

കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്രയിൽ ഇന്ന് ബന്ദ്

ഉത്തർപ്രദേശിലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹാ വികാസ് അഘാദി (എംവിഎ) സർക്കാർ ബന്ദിന് ആഹ്വാനം ചെയ്തതിനാൽ മഹാരാഷ്ട്രയില്‍ ഉടനീളമുള്ള കടകൾ ഇന്ന് അടച്ചിടും. യുപിയിലെ ലഖിംപൂർ ഖേരിയിൽ ഒരാഴ്ച മുമ്പ് കർഷക പ്രക്ഷോഭത്തിനിടെ നടന്ന അക്രമത്തിൽ എട്ട് പേർ മരിച്ചു.

ശിവസേന, കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എന്നിവരടങ്ങുന്ന മഹാരാഷ്ട്ര വികാസ് അഘാദി സർക്കാർ ബന്ദിനെ പിന്തുണയ്ക്കുന്നു. മൂന്ന് കക്ഷികളുടെയും സംയുക്ത പത്രസമ്മേളനത്തിൽ സംസ്ഥാന സർക്കാർ തന്നെയാണ് ബന്ദ് പ്രഖ്യാപിച്ചത്.

കർഷകരെ പിന്തുണയ്ക്കണമെന്ന് മഹാരാഷ്ട്രയിലെ 12 കോടി ജനങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നതായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് പറഞ്ഞിരുന്നു. എല്ലാവരും ബന്ദിൽ പങ്കെടുക്കുകയും ഒരു ദിവസം തങ്ങളുടെ ജോലി നിർത്തിവെയ്ക്കുകയും ചെയ്യണമെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

അവശ്യ സേവനങ്ങൾ ഒഴികെ എല്ലാം അടച്ചിടുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കാർഷിക ഉത്പന്ന മാർക്കറ്റ് കമ്മിറ്റിയും അടച്ചിടും. തന്റെ പാർട്ടി ബന്ദിൽ പൂർണശക്തിയിൽ പങ്കെടുക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു. “മൂന്ന് കക്ഷികളും ബന്ദിൽ സജീവമായി പങ്കെടുക്കും. ലഖിംപൂർ ഖേരിയിൽ നടന്നത് ഭരണഘടനയുടെ കൊലപാതകവും നിയമ ലംഘനവും രാജ്യത്തെ കർഷകരെ കൊല്ലാനുള്ള ഗൂഢാലോചനയുമാണ്,” സഞ്ജയ് റൗത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *