Breaking News

ഡാമുകൾ ജാഗ്രതയോടെ തുറക്കും; ആശങ്ക വേണ്ടെന്ന് കെഎസ്ഇബി ചെയർമാൻ

ഇടുക്കി, ഇടമലയാർ ഡാമുകൾ നിയന്ത്രണങ്ങളോടെ തുറക്കുമെന്ന് കെ എസ് ഇ ബി ചെയർമാൻ ഡോ ബി അശോക്. കക്കി, ഇടുക്കി ഡാമുകളിൽ ഒക്ടോബറിൽ ഇത്രയും വെള്ളം എത്തുന്നത് അപൂർവമായിയാണ്. 50 വർഷത്തിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന സാഹചര്യമാണിതെന്നും കെ എസ് ഇ ബി ചെയർമാൻ വ്യക്തമാക്കി.

നീരൊഴുക്ക് ശക്തമായതോടെ നാളെ രാവിലെ 11 മണിക്കാണ് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ തീരുമാനമായത്. രണ്ട് ഷട്ടറുകൾ 50 സെ.മീ വീതം ഉയർത്തും. 64 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും.വെള്ളം ഒഴുകുന്നതിനുള്ള തടസം നീക്കും. ജില്ലാ ഭരണകൂടം ഇടുക്കി അണക്കെട്ടിനു സമീപ വാസികൾക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡാം മേഖലയിലേക്ക് രാത്രികാല യാത്ര വേണ്ടെന്നും പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എറണാകുളം ഇടമലയാർ ഡാം നാളെ രാവിലെ ആറ് മണിക്ക് തുറക്കാണ് തീരുമാനം. രണ്ട് ഷട്ടറുകൾ തുറക്കും . 80 സെ.മി വീതമാകും ഷട്ടറുകൾ തുറക്കുകയെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. ഡാം തുറക്കുമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കുക ആലുവ, പറവൂർ മേഖലകളെയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇടുക്കി ഡാം കൂടി തുറക്കുന്ന സാഹചര്യത്തിൽ അതനുസരിച്ചുള്ള ക്രമീകരണം ഒരുക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കളക്ടർ ജാഫർ മാലിക് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *