Breaking News

സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ല, ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യില്ല: പഞ്ചാബ് മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാർ പഞ്ചാബിലെ ഫ്ലൈ ഓവറിൽ ഏകദേശം 20 മിനിറ്റോളം കുടുങ്ങിയ സംഭവം വിവാദമായതിന് പിന്നാലെ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി. പ്രധാനമന്ത്രിക്ക് മടങ്ങേണ്ടി വന്നതിൽ പഞ്ചാബ് മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു.

“പ്രതിഷേധക്കാർ ഇരിക്കുന്ന സ്ഥലത്ത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്നതിന് മുമ്പ് തടഞ്ഞിരുന്നു. പ്രതിഷേധം നീക്കാൻ കുറഞ്ഞത് 10-20 മിനിറ്റെങ്കിലും എടുക്കും. പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിക്കുകയും മറ്റൊരു വഴി വാഗ്ദാനം ചെയ്യുകയും ചെയ്തു, പക്ഷേ അദ്ദേഹം പോകാൻ തീരുമാനിക്കുകയായിരുന്നു,” പഞ്ചാബ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഒരു തരത്തിലുള്ള സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്നും ആക്രമണത്തിന്റെ സാഹചര്യം ഉണ്ടായിട്ടില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ സംഭവത്തെ തുടർന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി വ്യക്തമാക്കി.

“പ്രധാനമന്ത്രിയെ ഇന്ന് ഭട്ടിൻഡ വിമാനത്താവളത്തിൽ സ്വീകരിക്കാനിരുന്നതാണ്, എന്നാൽ എന്നെ അനുഗമിക്കേണ്ടവർക്ക് കോവിഡ് സ്ഥിരീകരിച്ചു, പോസിറ്റീവായ ചിലരുമായി ബന്ധപെട്ടിരുന്നതിനാൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഞാൻ പോയില്ല.” പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വാഗതം ചെയ്യാനെത്താത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി പറഞ്ഞു.

തന്റെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാവീഴ്ച ഉണ്ടായ സംഭവത്തിൽ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചിരുന്നു. ഭട്ടിൻഡ വിമാനത്താവളം വരെ എനിക്ക് ജീവനോടെ എത്താൻ സാധിച്ചതിൽ നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി പറയുക എന്ന് പ്രധാനമന്ത്രി മോദി ഉദ്യോഗസ്ഥരോട് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോകുന്നതിന് ഇടയിലാണ് സുരക്ഷാവീഴ്ച ഉണ്ടായത്. സ്മാരകത്തിലേക്ക് പോകുന്നതിനിടെ പ്രതിഷേധവുമായി കര്‍ഷകര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. 20 മിനിറ്റോളം നേരം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്ളൈഓവറില്‍ കുടുങ്ങി കിടന്നു. രക്ത സാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു പ്രതിഷേധം.

വൻ സുരക്ഷാ വീഴ്ചയ്ക്ക് പഞ്ചാബ് സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പഞ്ചാബ് സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കർശന നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

ഫ്‌ളൈഓവർ സംഭവം പഞ്ചാബ് പോലീസും റോഡ് ഉപരോധിച്ച പ്രതിഷേധക്കാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായിരുന്നു എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.