Breaking News

സൈനിക തിരിച്ചടി ഉണ്ടാകുമായിരുന്നു; ബന്ധത്തില്‍ വിള്ളല്‍; പാക്കിസ്ഥാനിലേക്ക് അബദ്ധത്തില്‍ മിസൈല്‍ അയച്ച സംഭവത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത് 25 കോടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

സൈന്യത്തിന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ ശബ്ദാതിവേഗ ക്രൂയിസ് മിസൈലായ ബ്രഹ്‌മോസ് പാകിസ്ഥാനിലേക്ക് പോയ സംഭവത്തില്‍ ഇന്ത്യയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. മിസൈല്‍ അയല്‍ രാജ്യത്ത് എത്തിയതിനാല്‍ ബന്ധത്തില്‍ വിള്ളലുണ്ടായി. ഗുരുതരമായ കൃത്യവിലോപമാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടായതെന്നും അതിര്‍ത്തിക്കപ്പുറത്തുനിന്ന് സൈനിക തിരിച്ചടിക്കുവരെ ഇടയാക്കാമായിരുന്ന സംഭവമാണിതെന്നും കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

സംഭവത്തിന്റെ പേരില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതിനെതിരെ വിങ് കമാന്‍ഡര്‍ അഭിനവ് ശര്‍മ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം അന്വേഷിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു വിങ് കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെപിരിച്ചുവിട്ടിരുന്നു. ഇവരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിന് വൈകീട്ട് ഏഴിനാണ് രാജസ്ഥാനിലെ വ്യോമസേനാതാവളത്തില്‍ നിന്നാണ് ആണവേതര മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിച്ചത്. പാക് അതിര്‍ത്തിയില്‍നിന്ന് 124 കിലോമീറ്റര്‍ ഉള്ളിലായാണ് മിസൈല്‍ പതിച്ചത്. ഒരു വീടുള്‍പ്പെടെയുള്ള വസ്തുവകകള്‍ തകര്‍ന്നു. മിസൈലില്‍ സ്ഫോടകവസ്തു ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തമൊഴിവായി. സംഭവത്തെത്തുടര്‍ന്ന് ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പാകിസ്താന്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യ ഖേദവുമറിയിച്ചിരുന്നു. ശബ്ദത്തെക്കാള്‍ മൂന്നുമടങ്ങ് വേഗത്തില്‍ കുതിക്കാന്‍ ശേഷിയുള്ള മിസൈലാണ് അതിര്‍ത്തികടന്ന് പാകിസ്താനിലെ മിയാന്‍ ചുന്നു പട്ടണത്തില്‍ വരെ എത്തിയത്.

ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് ഇത്തരമൊരു പാളിച്ചയിലേക്ക് വഴിവച്ചതെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വിഷയമായതിനാലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് കൃത്യമായ തെളിവുകളും സസൈന്യത്തിന്റെ പക്കലുണ്ട്. 23 വര്‍ഷത്തിനിടെ ആദ്യമായാണ് വ്യോമസേനയില്‍ ഇത്തരമൊരു പിരിച്ചുവിടല്‍ നടപടി ഉണ്ടായതെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.