Breaking News

സംസ്ഥാനത്ത് ബസ് ചാർജ് കുറയും, നീക്കങ്ങളുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിലും കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാർ വർദ്ധിച്ചതിൻ്റെ അടിസ്ഥാനത്തിലും സംസ്ഥാനത്ത് ബസ് ചാർജ് കുറയ്ക്കാനുള്ള നീക്കങ്ങുമായി സംസ്ഥാന സർക്കാർ. നിലവിലെ ചാർജ്ജ് നിരക്ക് എത്ര വരെ കുറയ്ക്കാമെന്നു പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജനുവരിയിൽ സർക്കാർ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനെ ചുമതലയേൽപ്പിക്കും. കമ്മീഷൻ നൽകുന്ന റിപ്പോർട്ടിനുസരിച്ചായി പുതിയ നിരക്കുകൾ നിലവിൽ വരിക.

എന്നാൽ ഈ നീക്കത്തിനെതിരെ ഗതാഗത വകുപ്പ് രംഗത്ത് വന്നിരിക്കുകയാണ്, ബസ് ചാർജ് പുനർനിർണയിക്കുമ്പോൾ കഴിഞ്ഞ ജൂണിനു മുമ്പത്തെ നിരക്കിലേക്കു പോകാനാവില്ലെന്നാണ് വകുപ്പിന്റെ നിലപാട്. സർക്കാർ ഈ അഭിപ്രായത്തോട് ഭാഗികമായി യോജിക്കാനാണ് സാധ്യത. ഇന്ധന വില വർദ്ധനവ് ഉൾപ്പെടെ പരിഗണിച്ച് ജൂണിനു മുമ്പത്തേതിൽ നിന്ന് 10-15% വർദ്ധന വരുന്ന വിധത്തിലാവും പുതിയ നിരക്കെന്നാണ് സൂചനകൾ .

ലോക്ക് ഡൗണിനു ശേഷം സർവീസുകൾ പുനരാരംഭിച്ചപ്പോൾ ഉടമസ്ഥതയിലുള്ള ദീർഘദൂര ബസുകളിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ സൂപ്പർഫാസ്റ്റ് മുതലുള്ള ബസുകൾക്കും ലോഫ്ലോർ എ.സി ബസിനും ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ 25% നിരക്കിളവ് നൽകിയിരുന്നു. അതിനു ശേഷം യാത്രക്കാരുടെ എണ്ണം കൂടിയതായാണ് കണക്കുകൾ. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് നിരക്ക് കുറച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കം.

എന്നാൽ കോവിഡ് പ്രതിസന്ധിയിൽ നഷ്ടത്തിലായ സ്വകാര്യ ബസുടമകൾ കോവിഡ്ക്കാലത്തെ നികുതി ഒഴിവാക്കുക, ‌ഡീസൽ സബ്സിഡി നൽകുക, സ്വകാര്യ ബസുടകമൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ഇവരുടെ ആവശ്യങ്ങൾ ഉന്നയിയിക്കുന്നതിനിടയിലാണ് നിരക്ക് കുറയ്ക്കാൻ സർക്കാർ നീക്കങ്ങൾ നടത്തുന്നത്. ഇത് സ്വകാര്യ ബസുടമകളെ ചൊടിപ്പിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

ജനുവരി ഒന്നു മുതൽ എല്ലാ കെഎസ്ആർ ടി സി ബസുകളും സ്ഥാനത്ത് ഓടിത്തുടങ്ങും. ഓർഡിനറി ബസുകളുടെ മിനിമം ചാർജായ 8 രൂപ മാറ്റാതെയാണ് സർക്കാർ ജൂൺ 2 മുതൽ യാത്രാ നിരക്കിൽ 25 ശതമാനം കൂട്ടിയത്. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററിൽ (രണ്ട് ഫെയർ സ്റ്റേജ്)​ നിന്ന് രണ്ടരയായി (ഒരു ഫെയ‌ർ സ്റ്റേജ്)​ കുറച്ചിരുന്നു. കിലോമീറ്റർ നിരക്ക് 70 പൈസയായിരുന്നത് 90 പൈസയാക്കി. സൂപ്പർ ക്ളാസ് ബസുകളുടെ നിരക്കിൽ 25% വർദ്ധനയും വരുത്തിയിരുന്നു. ഈ വർദ്ധനവുകൾ പിൻവലിച്ച് പുതിയ നിരക്കുകൾ നിശ്ചയിക്കാനാണ് സർക്കാർ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ സമീപിക്കാൻ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *