Breaking News

കർഷക സമരം 38-ാം ദിവസത്തിലേക്ക്: തിങ്കളാഴ്ചത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം ഇനിയും ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍

കൊടുംതണുപ്പിൽ ദില്ലിയിൽ കര്‍ഷകർ നടത്തുന്ന പ്രക്ഷോഭം ഇന്ന് മുപ്പത്തിയെട്ട് ദിവസത്തിൽ എത്തുകയാണ്. നാലാം തിയതിയാണ് കേന്ദ്ര സര്‍ക്കാരുമായുള്ള അടുത്ത ചര്‍ച്ച. കര്‍ഷക സംഘടനകൾ മുന്നോട്ടുവെച്ച നാല് ആവശ്യങ്ങളിൽ രണ്ടെണ്ണം മാത്രമാണ് കേന്ദ്രം അംഗീകരിച്ചത്. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്‍റെ കാര്യത്തിലുമാണ് തിങ്കളാഴ്ച ചര്‍ച്ച നടക്കുക.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ കുറഞ്ഞതൊന്നും തങ്ങള്‍ക്ക് സ്വീകാര്യമല്ല. 50 ശതമാനം പ്രശ്‌നങ്ങളും പരിഹരിച്ചുവെന്ന വാദം അടിസ്ഥാന രഹിതമാണ്. രണ്ട് പ്രധാന ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടിട്ടില്ല. താങ്ങുവില സംബന്ധിച്ച ഉറപ്പ് നല്‍കുന്നകാര്യം കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടു പോലുമില്ല – ജെയ് കിസാന്‍ ആന്ദോളന്‍ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. കര്‍ഷക നേതാക്കളുമായി സിന്‍ഹു അതിര്‍ത്തിയില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജനുവരി നാലിന് നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ ജനുവരി ആറിന് കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തും. ഡിസംബര്‍ 31 ന് ട്രാക്ടര്‍ മാര്‍ച്ച് നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും ഡിസംബര്‍ 30 ന് നടക്കുന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാറ്റിവെക്കുകയായിരുന്നു. തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയുടെ വിജയമോ പരാജയമോ ആയിരിക്കും പ്രക്ഷോഭത്തിന്റെ ഭാവി നിശ്ചയിക്കുകയെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.

നിയമങ്ങൾ പിൻവലിക്കുകയാണെങ്കിൽ ബദൽ മാര്‍ഗ്ഗമെന്ത് എന്ന് വിശദീകരിക്കാൻ കര്‍ഷക സംഘടനകളോട് സര്‍ക്കാര്‍ ചോദിച്ചിരുന്നു. നിയമങ്ങൾ പിൻവലിച്ച ശേഷം അക്കാര്യം പരിശോധിക്കാമെന്നായിരുന്നു കര്‍ഷക സംഘടനകളുടെ നിലപാട്. തണുപ്പുമൂലം ഗാസിപ്പൂര്‍ അതിര്‍ത്തിയിൽ ഇന്നലെ ഒരു കര്‍ഷകൻ കൂടി മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *