Breaking News

കേരളത്തിൽ തുടർ ഭരണത്തിന് സാധ്യതയെന്ന് വെള്ളാപ്പള്ളി; യുഡിഎഫിന് വിമർശനം

ഇടത് സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും പെൻഷനും ജനങ്ങളിൽ നല്ല പ്രതികരണം ഉണ്ടാക്കിയെന്നും ജനങ്ങളുടെ അനുഭവമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടായതെന്നും എസഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇത് ഇടത് പക്ഷം പോലും പ്രതീക്ഷിക്കാത്ത വിജയമായിരുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

തുടർ ഭരണത്തിന് സാധ്യതയുണ്ടെന്ന് പറഞ്ഞ വെള്ളാപ്പള്ളി ഭരണപക്ഷത്തിനെതിരായ വികാരം കാണുന്നില്ലെന്നും നിരീക്ഷിച്ചു. പിഎസ്‌സി സമരം തിരിച്ചടിയാകില്ലെന്നും ഇതിനേക്കാൾ വലിയ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിൽ എസ്എൻഡിപി നിലപാട് എടുത്തിട്ടില്ല. സ്ഥാനാർത്ഥി നിർണം കഴിഞ്ഞ് സാമൂഹ്യ നീതി പാലിച്ചോ എന്ന് നോക്കി നിലപാട് എടുക്കും. മൂന്ന് തവണ മത്സരിച്ചവരെ മാറ്റിയ സിപിഐ നിലപാട് നല്ലതാണ്. എന്നാൽ അതിൽ പ്രായോഗിക സമീപനം വേണമെന്നും ജയ സാധ്യത നോക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തിലോത്തമനെ ഒഴിവാക്കി മറ്റാരെ കൊണ്ട് വരുമെന്ന് വെള്ളാപ്പള്ളി ചോദിച്ചു. പാർട്ടിക്ക് ഇഷ്ടം പോലെ പേർ കാണും. പക്ഷേ ജനങ്ങൾ വോട്ട് ചെയ്തുകൊള്ളണമെന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ചെറുപ്പക്കാരെയോ പുറത്ത് നിന്ന് ആളുകളെ കൊണ്ട് വരികയോ ചെയ്താൽ ജനം അംഗീകരിച്ചെന്ന് വരില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായം പറഞ്ഞു.

മത നേതാക്കളുടെ അടുത്ത് പോകേണ്ടന്ന് തീരുമാനിച്ച യുഡിഎഫ് ഇപ്പോൾ എല്ലാ മത മേലധ്യക്ഷന്മാരെയും കാണുന്നു. പഴയ തീരുമാനം തെറ്റെന്ന് യുഡിഎഫ് നേതാക്കൾക്ക് മനസിലായിക്കാണുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇവിടെ എന്ത് മതേതരത്വം ആണ് ഉള്ളതെന്നും മതേതരത്വം കള്ളനാണയമാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തു. മതേതരത്വം പറയുന്നവർ ജയിക്കുന്ന സീറ്റിൽ ഈഴവനെയോ പിന്നോക്കക്കാരെയോ നിർത്തുമോ എന്ന് അദ്ദേഹം ചോദിച്ചു. ‘ഗോവിന്ദൻ മാസ്റ്റർ പറഞ്ഞതാണ് ശരി. വിശ്വാസികളെ ഒഴിവാക്കി മുന്നോട്ട് പോകാൻ കഴിയില്ല’- വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

‘കുട്ടനാട് സീറ്റിൽ മത്സരിക്കാൻ തോമസ് ചാണ്ടിയുടെ അനിയന് എന്താണ് ക്വാളിറ്റിയെന്ന് വെള്ളാപ്പള്ളി ചോദിച്ചു. ക്രിസ്ത്യനിയല്ലാത്ത ഒരാളെ എന്ത് കൊണ്ട് സ്ഥാനാർത്ഥിയാക്കുന്നില്ല ? പിന്നോക്കക്കാർ ജയിച്ച മണ്ഡലമാണ് കുട്ടനാട്. ഈ സീറ്റ് ഇടത് പക്ഷം ഏറ്റെടുക്കണം’- വെള്ളാപ്പള്ളി പറയുന്നു.

അതേസമയം, ബിജെപിയുടെ വായിലെ ചോക്ലേറ്റ് ആകാതെ ബിഡിജെഎസ് നോക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി ബിഡിജെഎസിന് നൽകിയ വാക്കുകൾ പാലിച്ചില്ല എന്ന പരാതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *