Breaking News

തലവേദന വന്നാല്‍ കഴുത്തുവെട്ടി കളയുകയല്ല മാര്‍ഗം; കേന്ദ്രത്തിന്റെ വാഹനം പൊളിക്കല്‍ നയത്തിനെതിരെ കേരളം

കേന്ദ്രസര്‍ക്കാരിന്റെ വാഹനം പൊളിക്കല്‍ നയത്തിനെതിരെ കേരളം. നയം അശാസ്ത്രീയമാണെന്നും പ്രായോഗികമല്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. വന്‍കിട വാഹന മുതലാളിമാരെ സഹായിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും മന്ത്രി പറഞ്ഞു.

20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഓടുന്നത് തന്നെ കുറവായിരിക്കും. അവ പൊളിച്ച് പുതിയത് വാങ്ങിക്കുന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. പരിസ്ഥിതി സൗഹൃദമാക്കാനാണ് പുതിയ നയമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. പരിസ്ഥിതി സൗഹൃദമാക്കണമെങ്കില്‍ വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറ്റാനാണ് തീരുമാനിക്കേണ്ടത്. തലവേദന വന്നാല്‍ കഴുത്തുവെട്ടി കളയുകയല്ല മാര്‍ഗമെന്നും ഗതാഗതമന്ത്രി വിമര്‍ശിച്ചു. കേന്ദ്രത്തിന്റെ തീരുമാനം പൊതുഗതാഗത രംഗത്തും സ്വാകാര്യവ്യക്തികള്‍ക്കും ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതിയെ സംരക്ഷിക്കാനും, രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ലക്ഷ്യം വച്ചുകൊണ്ടാണ് വെഹിക്കിള്‍ സ്‌ക്രാപേജ് പോളിസി എന്ന പുതിയ നയത്തിന് കേന്ദ്രം രൂപം നല്‍കിയിരിക്കുന്നത്. 20 വര്‍ഷത്തിലേറെ പഴക്കമുള്ള 51 ലക്ഷം ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകളാണ് ഇന്ത്യയില്‍ നിരത്തിലോടുന്നത്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ 15 വര്‍ഷത്തിന് മേല്‍ പഴക്കമുള്ള 17 ലക്ഷത്തോളം സ്വകാര്യ വാഹനങ്ങളാണ് നിലവില്‍ ഉപയോഗത്തിലുള്ളത്.

കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാഹന സ്‌ക്രാപ് പോളിസി പ്രകാരം 20 വര്‍ഷമാണ് സ്വകാര്യ വാഹനത്തിന്റെ കാലാവധി. വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലാവധി15 വര്‍ഷമാണ്. ഈ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിച്ച് നീക്കുമ്പോള്‍ വാഹന ഉടമയ്ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇവര്‍ക്ക് പിന്നീട് പുതിയ വാഹനം വാങ്ങുമ്പോള്‍ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കേണ്ടി വരില്ല. മാത്രമല്ല, റോഡ് ടാക്‌സിലടക്കം ഇളവുകള്‍ ലഭിക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം.

Leave a Reply

Your email address will not be published. Required fields are marked *