Breaking News

കൊവിഡ് മരണം; നഷ്ടപരിഹാര തുക അനുവദിച്ച് കേന്ദ്രസർക്കാർ

കൊവിഡിന് ഇരയായവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സർക്കാർ വിഹിതം അനുവദിച്ചു. 7,274.4 കോടി രൂപയാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകുക. നേരത്തെ അഞ്ച് സംസ്ഥാനങ്ങൾക്ക് 1,550.20 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയില്‍ നിര്‍ദേശിച്ചിരുന്നു . ദുരന്തനിവാരണ ഫണ്ടിൽ നിന്ന്‌ സംസ്ഥാനങ്ങൾ വേണം ഇത്‌ നല്‍കേണ്ടതെന്നും കേന്ദ്രം സത്യവാങ്‌മൂലത്തിൽ പറഞ്ഞിരുന്നു. നഷ്ടപരിഹാര വിതരണത്തിന് സുപ്രിംകോടതി നിര്‍ദേശപ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ മാർഗരേഖയും സമർപ്പിച്ചിരുന്നു.

അതേസമയം നഷ്ടപരിഹാരം നിശ്ചയിക്കാൻ സംസ്ഥാന സർക്കാർ മാർഗരേഖ പുറത്തിറക്കിയിരുന്നു . കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരം കൊവിഡ് മരണം തീരുമാനിക്കും. മരിച്ചവരുടെ ബന്ധുക്കൾ ജില്ലാ കളക്ടർക്ക് നിർദേശം നൽകണമെന്നും അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു.

സുപ്രിം കോടതിയുടെ ഉത്തരവ് പ്രകാരം അടുത്ത ബന്ധുക്കൾക്കാണ് നഷ്ടപരിഹാരം ലഭിക്കുക. കൊവിഡ് മരണത്തിൽ ആശയകുഴപ്പമില്ലെന്നും കേന്ദത്തിന്റെ നിർദേശം അനുസരിച്ച് പട്ടികയിൽ മാറ്റം വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പരാതികൾ വന്നാൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *