Breaking News

‘നോട്ടീസ് കിട്ടിയിട്ടില്ല’; ഇ.ഡിയുടേത് രാഷ്ട്രീയ നീക്കം, നേരിടുമെന്ന് തോമസ് ഐസക്

കിഫ്ബിയിലെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇ ഡിയുടെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. ഇ ഡി നടത്തുന്നത് രാഷ്ട്രീയ നീക്കമാണ്. ഇതിനെ രാഷ്ട്രീയമായി തന്നെ നേരിടും. അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങളാണ് കിഫ്ബി ഫണ്ടിംഗിലൂടെ നടക്കുന്നത്. ഇത് ബിജെപിയെ അലോസരപ്പെടുത്തുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ബിജെപി സര്‍ക്കാര്‍ എല്ലാ ഏജന്‍സികളേയും രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാന്‍ ഉപയോഗിക്കുകയാണ്. കിഫ്ബിക്ക് എതിരെ ഇഡിയും, സിഎജിയും, ആദായനികുതി വകുപ്പുമെല്ലാം കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഇറങ്ങിയിരുന്നു. എന്നിട്ടെന്ത് സംഭവിച്ചുവെന്നും തോമസ് ഐസക്ക് ചോദിച്ചു. നോട്ടീസ് കിട്ടിയിട്ട് ഹാജരാകണോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കിഫ്ബി വലിയ മാറ്റങ്ങളാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. സ്‌കൂളുകളെല്ലാം നവീകരിച്ചു, ആശുപത്രികള്‍ വികസിച്ചു. റോഡുകള്‍ ഒന്നൊന്നായി പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ട്രാന്‍സ് ഗ്രിഡ് പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ വൈദ്യുതി പ്രതിസന്ധിക്കും പരിഹാരമാകും. കെ ഫോണ്‍ അടുത്തു തന്നെ പൂര്‍ത്തിയാവുമെന്നും ദേശീയപാതയും റിംഗ് റോഡ് നിര്‍മ്മാണത്തിനും ഭൂമിയേറ്റെടുക്കാന്‍ കിഫ്ബി പണം നല്‍കുന്നുവെന്നും തോമസ് ഐസക് വിശദീകരിച്ചു.

ഇതൊക്കെ കിഫ്ബി എന്തിനാണ് ചെയ്യുന്നത്, വന്‍കിടമുതലാളിമാരെക്കൊണ്ട് ചെയ്യിച്ചാല്‍ പോരെ.. എന്നതാണ് ബിജെപിയുടെ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കിഫ്ബിയിലൂടെ ഇത്തരം പദ്ധതിയൊക്കെ നടപ്പായി കഴിഞ്ഞാല്‍ ജനങ്ങളില്‍ സര്‍ക്കാരിന് അനുകൂലമായി ഉണ്ടാവുന്ന മാറ്റത്തെയാണ് അവര്‍ ഭയപ്പെടുന്നുവെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.