Breaking News

ഐഎസ്ആര്‍ഒയുടെ ചെറുഉപഗ്രഹ വിക്ഷേപണ ദൗത്യം പരാജയം

ഐ.എസ്.ആര്‍.ഒയുടെ ചെറുഉപഗ്രഹ വിക്ഷേപണ ദൗത്യം പരാജയപ്പെട്ടു. എസ്എസ്എല്‍വി വഹിച്ചിരുന്ന രണ്ട് ഉപഗ്രഹങ്ങളും നിശ്ചിത ഭ്രമണപഥത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല. ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തനക്ഷമമാകില്ലെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ നേരത്തെ നിശ്ചയിച്ചിരുന്ന യാത്രാപഥത്തില്‍ വ്യതിയാനം ഉണ്ടായതോടെ ഉപഗ്രഹങ്ങളില്‍ നിന്നുളള സിഗ്‌നലുകള്‍ ലഭിച്ചിരുന്നില്ല. നാലാം ഘട്ടത്തില്‍ പ്രവര്‍ത്തിക്കേണ്ട ലിക്വിഡ് പ്രോപല്‍ഷന്‍ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളില്‍ സാങ്കേതിക പ്രശ്നം സംഭവിച്ചതായിരുന്നു ഇതിന് കാരണം.

ഇന്ന് രാവിലെ 9.18ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് എസ്എസ്എല്‍വി വിക്ഷേപിച്ചത്. ആദ്യഘട്ടത്തില്‍ വിക്ഷേപണം വിജയകരമായിരുന്നു. എര്‍ത്ത് ഒബ്സര്‍വേഷന്‍ സാറ്റലൈറ്റ്, ആസാദി സാറ്റ് എന്നീ ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടാണ് എസ്എസ്എല്‍വി കുതിച്ചുയര്‍ന്നത്.

സ്പേസ് കിഡ്സ് ഇന്ത്യ എന്ന സ്റ്റാര്‍ട്ടപ്പിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഗ്രാമീണമേഖലയില്‍ നിന്നുള്ള 750 വിദ്യാര്‍ഥിനികള്‍ വികസിപ്പിച്ചതാണ് ആസാദി സാറ്റ്. രാജ്യത്തിനകത്തും പുറത്തുമുള്ള ഉപയോക്താക്കള്‍ക്ക് ഭാവിയിലും എസ്എസ്എല്‍വി സേവനം ഉപയോഗിക്കാവുന്ന തരത്തിലാണ് പദ്ധതി രൂപകല്‍പന ചെയ്തത്.