Breaking News

ശ്രീചിത്ര പുവര്‍ ഹോമില്‍ 14-കാരന് സഹപാഠികളില്‍ നിന്ന് ക്രൂരമര്‍ദ്ദനം; കുട്ടിയ്ക്ക് നടുവിനും കാലിനും സാരമായ പരിക്ക്

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ 14കാരന് സഹപാഠികളില്‍ നിന്ന് നേരിടേണ്ടി വന്നത് ക്രൂരമര്‍ദ്ദനം. അഞ്ച് സഹപാഠികള്‍ ചേര്‍ന്നാണ് കുട്ടിയെ നിഷ്ഠൂരമായി മര്‍ദിച്ചത്. ഇരുമ്പുവടി കൊണ്ട് സഹപാഠികള്‍ അടിച്ചു എന്നും ബൂട്ടിട്ട് മര്‍ദിച്ചു എന്നും പരാതിയുണ്ട്.

കുട്ടിയുടെ നടുവിനും കാലിനും സാരമായ പരുക്കേറ്റു. ആര്യനാട് സ്വദേശിയായ കുട്ടി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പൊലീസില്‍ പരാതിനല്‍കരുതെന്ന് അധികൃതര്‍ പറഞ്ഞതായി കുട്ടിയുടെ മാതാവ് പറയുന്നു.

അതേസമയം, പൊലീസില്‍ പരാതിപ്പെടാന്‍ ശിശു പരിപാലന സമിതി പറഞ്ഞെങ്കിലും പരാതിപ്പെടരുതെന്ന് പുവര്‍ ഹോം സൂപ്രണ്ട് പറഞ്ഞതായി കുട്ടിയുടെ മാതാവ് പറഞ്ഞു. തങ്ങള്‍ ഈ കുട്ടികളെ മാറ്റാന്‍ ആവശ്യപ്പെട്ട് സിഡബ്ല്യുസിയ്ക്ക് കത്തയക്കുന്നുണ്ടെന്നും അപ്പോള്‍ വിളിക്കുമ്പോള്‍ വന്നാല്‍ മതിയെന്നും പറഞ്ഞു. ഇതില്‍ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. ഇതുവരെ അവര്‍ കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.