Breaking News

ശശി തരൂര്‍ സ്വതന്ത്രനായി മല്‍സരിച്ചാല്‍ സി പി എം പിന്തുണ ഉറപ്പ്, പിണറായിക്കും, യെച്ചൂരിക്കും പൂര്‍ണ്ണ സമ്മതം.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മല്‍സരിച്ചാല്‍ പിന്തുണക്കാന്‍ തെയ്യാറാണെന്ന് ശശി തരൂരിന് സി പി എം നേതൃത്വം ഉറപ്പ് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഈ ഉറപ്പ് തരൂരിന് നല്‍കിയതെന്നറിയുന്നു. പിണറായി വിജയനുമായി വളരെ വ്യക്തിപരമായി അടപ്പുമുളളയാളാണ് തരൂര്‍. മാത്രമല്ല സി പി എം അഖിലേന്ത്യ നേതൃനിരയിലുള്ള സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരുമായും അടുത്ത വ്യക്തിബന്ധം കാത്തു സൂക്ഷിക്കുന്നയാളാണ് അദ്ദേഹം. അത് കൊണ്ട് സി പി എം പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുന്നതില്‍ തരൂരിന് യാതൊരു ബുദ്ധിമുട്ടമുണ്ടാകില്ല.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച് പരാജയപ്പെട്ടാല്‍ പിന്നെ പാര്‍ട്ടിയില്‍ തുടരുന്നതില്‍ ശശി തരൂരിന് താല്‍പര്യമില്ല. ഉള്‍പാട്ടി ജനാധിപത്യം ഉയര്‍ത്തിപ്പിടിച്ച തനിക്ക് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചുവെന്ന പ്രചരണമായിരിക്കും തിരുവനന്തപുരം സീറ്റുകിട്ടിയില്ലങ്കില്‍ തരൂര്‍ ഉയര്‍ത്താന്‍ പോവുക. ആ വാദത്തിന് പിന്തുണ നല്‍കിയായിരിക്കും സി പി എം തരൂരിനെ പിന്തുണക്കുക. സി പി എമ്മിനെയും ഇടതുമുന്നണിയെയും സംബന്ധിച്ചിടത്തോളം ശശി തരൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന കാലത്തോളം തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം തങ്ങള്‍ക്ക് ബാലി കേറാമലയായിരിക്കുമെന്ന് അവര്‍ക്കറിയാം.

കഴിഞ്ഞ ഒരു വര്‍ഷമായി ശശി തരൂരും മുഖ്യമന്ത്രിയടക്കമുള്ള ഉന്നത സി പി എം നേതൃത്വവും തമ്മില്‍ ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കണ്ണൂരില്‍ നടന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലേക്ക് ശശി തരൂരിനെ ക്ഷണിച്ചതും ഇത് മുന്‍ നിര്‍ത്തിയാണ്. എന്നാല്‍ കെ പി സി സി യുടെ എതിര്‍പ്പും സോണിയാഗാന്ധിയുടെ കര്‍ശന നിര്‍ദേശവും മൂലം തരൂരിന് അതില്‍ പങ്കെടുത്തില്ല.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തിലധികം സീറ്റുകള്‍ കേരളത്തില്‍ നിന്ന് നേടിയാല്‍ പിന്നെ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സി പിഎം. 2024 ന് ശേഷം കേന്ദ്രത്തില്‍ മോദി ഭരണം തുടരുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍ , അത് കൊണ്ട് തന്നെ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കേരളത്തിലെ ന്യനപക്ഷങ്ങള്‍ പ്രത്യേകിച്ച് മുസ്‌ളീം ന്യുനപക്ഷം തങ്ങള്‍ക്കൊപ്പം നിലയുറിപ്പിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.