Breaking News

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിക്കുന്നതിനെ പിന്തുണച്ചുകൊണ്ടുള്ള ശശി തരൂരിന്റെ ട്വീറ്റ് കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നു

ലോക്‌സഭയില്‍ ചെങ്കോല്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചുളള ശശിതരൂരിന്റെ ട്വീറ്റ് വിവാദമാകുന്നു. ഭരണപക്ഷവും പ്രതിപക്ഷവും പറയുന്നതില്‍ കാര്യമുണ്ടെന്നും രണ്ടു വിഭാഗങ്ങളും മുന്നോട്ടുവയ്കുന്ന ആശയങ്ങള്‍ സമന്വയിപ്പിക്കുകയാണ് വേണ്ടെതെന്നുമാണ് ശശി തരൂര്‍ തന്റെ ട്വീറ്റില്‍ പറയുന്നത്. തരുരിന്റെ ഈ നിലപാട് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി എടുത്ത നിലപാടിന് കടക വിരുദ്ധമാണ്.

പാരമ്പര്യത്തിന്റെയും അതിലധിഷ്ഠതമായ പരാമാധികാരത്തെയും ആണ് ചെങ്കോല്‍ വിളംബരം ചെയ്യുന്നതെന്ന ബി ജെ പിയുടെ നിലപാട് ശരിയാണെന്നാണ് ശശി തരൂര്‍ തന്റെ ട്വീറ്റില്‍ പറയുന്നത്. ഇത് അംഗീകരിക്കുന്നതില്‍ തെറ്റില്ലന്നാണ് തരൂരിന്റെ പക്ഷം. എന്നാല്‍ ഈ ചെങ്കോല്‍ മൗണ്ട് ബാറ്റണ്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് കൈമാറിയതാണ് എന്നതില്‍ തെളിവൊന്നുമില്ലന്നും തരൂര്‍ പറയുന്നു.

അതേ സമയം ഇന്ത്യന്‍ ഭരണഘടന സ്ഥാപിക്കപ്പെട്ടത് ഇന്ത്യയുടെ ജനങ്ങളുടെ പേരിലാണെന്ന കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും വാദവും തരൂര്‍ അംഗീകരിക്കുന്നു. ഇന്ത്യയുടെ പരാമാധികാരം നിക്ഷിപ്തമായിരിക്കുന്നത് ഇന്ത്യയിലെ ജനങ്ങളിലാണ്. അത് കൊണ്ട് തന്നെ ചെങ്കോല്‍ ജനങ്ങളുടെ പരമാധികാരത്തിന്റെ അടയാളമായി പാര്‍ലമെന്റില്‍ തന്നെ പ്രതിഷ്ഠിക്കുന്നതാണ് നല്ലതെന്നാണ് തരൂര്‍ തന്റെ ട്വീറ്റില്‍ പറയുന്നത്.

തരൂരിന്റെ ഈ നിലപാട് കോണ്‍ഗ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കിയിരിക്കുകയാണ്. പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമായി ബി ജെ പി സഹായിക്കുന്ന നിലപാടാണ് തരൂര്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.