Breaking News

എന്റെ മുഖം ഇനി റിപ്പോര്‍ട്ടറിന്റെ മുഖമായി ഉണ്ടാവാന്‍ പാടില്ലെന്ന് തീരുമാനിച്ചിരിക്കുന്നു; രാജിക്കായി സമ്മര്‍ദം മുറുക്കുന്നു; ചാനലിലുള്ളില്‍ പോരട്ടം തുടരുമെന്ന് ന്യൂസ് എഡിറ്റര്‍ അപര്‍ണ സെന്‍

പുതിയ രൂപത്തില്‍ എത്തിയ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ന്യൂസ് എഡിറ്റര്‍ അപര്‍ണ സെന്‍. പ്രോ ലെഫ്റ്റ് ആയ തന്നെ റിപ്പോര്‍ട്ടര്‍ ടിവി അവഗണിക്കുകയാണ്. രാജിവെപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുകയാണ്. താന്‍ ഇതുവരെ ഔദ്യോഗികമായി രാജി കൊടുത്തിട്ടില്ല. എന്റെ വാക്കാലുള്ള രാജി ഔദ്യോഗികമായി കണക്കാക്കുന്ന മാനേജ്‌മെന്റ് ആണ് റിപ്പോര്‍ട്ടറിന്റെ മാനേജ്‌മെന്റെന്നും അവര്‍ തുറന്നടിച്ചു. ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അപര്‍ണ ചാനല്‍ മാനേജ്‌മെന്റിനെതിരെ രംഗത്തുവന്നത്.

സോഷ്യല്‍ മീഡിയ കൊണ്ട് ഇത്രയും അലേര്‍ട്ടായി ഇരിക്കുന്നത് കൊണ്ട് എനിക്കെതിരെ ഒരു ആക്ഷന്‍ എടുക്കാന്‍ അവര്‍ പേടിക്കുന്നുണ്ട്. എന്നോട് വാക്കാലുള്ള രാജി രാജിയായെടുത്തിട്ടുണ്ടെന്ന് പറഞ്ഞു. ഞാന്‍ രാജി തരില്ല നിങ്ങള്‍ ആക്ഷന്‍ എടുത്തോളൂ എന്ന് ഞാനും പറഞ്ഞു.

അവരെ സംബന്ധിച്ച് ഞാന്‍ രാജി എഴുതി കൊടുക്കേണ്ടത് അവര്‍ക്ക് ആവശ്യമുണ്ട്. അങ്ങനെയാകുമ്പോള്‍ എനിക്ക് തരേണ്ട ഭീമമായ തുക അവര്‍ക്ക് ഒഴിവായി കിട്ടും. ഞാന്‍ ഒഴിവായി പോകുന്നു എന്ന് പറഞ്ഞാല്‍ സമൂഹ മാധ്യമങ്ങളില്‍ അത് ചര്‍ച്ചയാവില്ല. അതേസമയം അവര്‍ എനിക്കെതിരെ എന്തെങ്കിലും ആക്ഷന്‍ എടുത്താല്‍ അത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകും. ഈ സമയത്ത് അവര്‍ അത് ആഗ്രഹിക്കുന്നില്ല, കാരണം ബി.ജെ.പി അനുഭാവികള്‍ ആക്രമിക്കപ്പെടും എന്ന് അവര്‍ക്കറിയാം. അവരെ സംരക്ഷിക്കേണ്ടത് മാനേജ്‌മെന്റിന്റെ ബാധ്യതയാണ്.

നിലവിലെ സാഹചര്യത്തില്‍ ഞാന്‍ രാജി കൊടുക്കുന്നില്ല. അവരുടെ നിലപാടുകളെ വിമര്‍ശിച്ചു കൊണ്ടു തന്നെ ഞാന്‍ അവിടെ നില്‍ക്കും. കാരണം എന്റെ തൊഴില്‍ ചെയ്യുവാനുള്ള അവകാശത്തെ അവര്‍ നിഷേധിച്ചുവെന്ന് അപര്‍ണ പറഞ്ഞു.

അഭിമുഖത്തില്‍ അപര്‍ണ റിപ്പോര്‍ട്ടര്‍ ടിവിയുടെ നടപടികളെക്കുറിച്ച് വെളിപ്പെടുത്തിയതിന്റെ പ്രസക്ത ഭാഗങ്ങള്‍

എനിക്ക് ഇതുവരെയും ഉത്തരം കിട്ടാത്ത ചോദ്യമാണത്. ഞാന്‍ എഡിറ്റോറിയല്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു. അതിന്റെ ഒരു എപ്പിസോഡ് ഇങ്ങനെയാണ്, റിപ്പോര്‍ട്ടറിന്റെ പുതിയ മാനേജ്മെന്റ് വരുന്നു. റിപ്പോര്‍ട്ടറിലെ പഴയ ആളുകളെ നിലനിര്‍ത്തുന്നു എന്ന വാഗ്ദാനം തരുന്നു. നിലനിര്‍ത്തുക എന്ന് പറയുന്നത് ആരുടെയും ഔദാര്യമല്ല. അങ്ങനെ ഔദാര്യമായി കാണേണ്ട കാര്യവുമില്ല.

അങ്ങനെയാണെങ്കില്‍ നമുക്ക് തരേണ്ട നഷ്ടപരിഹാരം എന്ന് പറയുന്നത് ലക്ഷങ്ങളാണ്. നമ്മുടെ ശമ്പള കുടിശികയും പി.എഫും ഒക്കെ കൂടി ഒരുപാട് തുക തരാനുണ്ട്. അങ്ങനെയുള്ളവരെ ഒഴിവാക്കുക എന്ന് പറയുമ്പോള്‍ ഇവര്‍ക്ക് വീണ്ടും വലിയ തുക ഇന്‍വെസ്റ്റ് ചെയ്യേണ്ടിവരും. അത് പോസിബിളല്ല. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടറിലെ പഴയ ആളുകളെ നിലനിര്‍ത്തുക എന്ന് പറയുന്നത് ഔദാര്യവും അല്ല.

എന്നെ സംബന്ധിച്ചിടത്തോളം എന്റെ ചര്‍ച്ചകളെ ആര്‍ക്കും നിയന്ത്രിക്കാന്‍ പറ്റില്ല. ഞാന്‍ എന്റെ നിലപാടുകളിലും എന്റെ ബോധ്യങ്ങളിലും ഉറച്ച് തന്നെയാണ് ചര്‍ച്ചകള്‍ നടത്തുന്നത്. പഴയ റിപ്പോര്‍ട്ടറിലായിരുന്ന സമയത്ത് ചില വാര്‍ത്തകളില്‍ അങ്ങനെയല്ല വേണ്ടത് എന്ന് പറയുമ്പോള്‍ എന്റെ ബോധ്യം ഇതാണ് സാര്‍ എന്ന് എം.വി. നികേഷ്‌കുമാറിനോട് പോലും പറഞ്ഞ ഒരാളാണ് ഞാന്‍.

സ്വര്‍ണ്ണ കള്ളക്കടത്ത് അടക്കമുള്ള കേസുകളില്‍ ശിവശങ്കറിന് അനുകൂലമായ നിലപാട് സ്വീകരിച്ച സമയത്ത് ഇതങ്ങനെയല്ല എന്ന് നികേഷ് കുമാര്‍ പറയുമ്പോള്‍ എന്റെ ബോധ്യത്തിനനുസരിച്ചാണ് ചര്‍ച്ച നടത്തുന്നത് എന്ന് പറയാന്‍ പറ്റുന്ന ഒരാളായിരുന്നു ഞാന്‍.

നല്ല ശുദ്ധമായ രാഷ്ട്രീയത്തിന്റെ ശക്തി നമുക്കുണ്ടെങ്കില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ നമുക്ക് പറ്റും. എന്നെ നിയന്ത്രിക്കാനോ എന്റെ ജേര്‍ണലിസത്തില്‍ ഏതെങ്കിലും തരത്തില്‍ ഇടപെടാനോ ആരെയും ഞാന്‍ അനുവദിച്ചിട്ടില്ല. ഇവര്‍ക്കൊക്കെ അത് നന്നായിട്ട് അറിയാം.

എന്നെ ഏതെങ്കിലും തരത്തില്‍ നിയന്ത്രിക്കുക അസാധ്യമാണെന്നും ഞാന്‍ എന്റെ ബോധ്യത്തിനനുസരിച്ചായിരിക്കും ചര്‍ച്ചകള്‍ നടത്തുകയെന്നും അവര്‍ക്ക് ബോധ്യമുണ്ടാകും. എന്നാലും ഇങ്ങനെ ഒരു നിലപാട് എടുക്കുമ്പോള്‍ അതിന് വരുന്ന ഒരു സ്ട്രെയിന്‍ ഒരുപാട് കൂടുതലാണ്. ആ ബുദ്ധിമുട്ടുകളെടുത്ത് കൊണ്ടാണ് ഇത്രയും കാലം ഞാന്‍ നിലപാടുകള്‍ സ്വീകരിച്ചത്.

ആദ്യഘട്ടങ്ങളില്‍ ഞാനത് ചോദ്യം ചെയ്തിട്ടില്ല. പിന്നീട് എന്റെ ഫോട്ടോഷൂട്ട് നടത്തുന്ന സാഹചര്യമുണ്ടായിരുന്നു. പോസ്റ്ററുകള്‍ക്ക് വേണ്ടി ഫോട്ടോഷൂട്ട് നടത്തുക എന്ന നിലപാടിലേക്ക് ഇവരെത്തിയിരുന്നു. അങ്ങനെ ഫോട്ടോ ഷൂട്ടും പ്രമോഷൂട്ടും നടക്കുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് പോസ്റ്ററുകള്‍ വരുമ്പോള്‍ ഞാനില്ല. ഞാനതില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു.

എന്നെ സ്നേഹിക്കുന്ന ആളുകളെ സംബന്ധിച്ച് അത് വിഷമമുണ്ടാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ഞാന്‍ അപ്പോള്‍ സൈലന്റ് ആയിരുന്നു. ഞാന്‍ അതിനെക്കുറിച്ച് ആരോടും സംസാരിക്കാനോ ചര്‍ച്ച ചെയ്യാനോ പോയില്ല. എന്നാലും ഞാന്‍ അപ്സെറ്റായിരുന്നു.

എന്തുകൊണ്ടാണ് ഞാന്‍ തുടര്‍ച്ചയായി ഒഴിവാക്കപ്പെടുന്നത് എന്ന ചോദ്യം എന്റെയുള്ളില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് അപര്‍ണ ഇവിടെയൊന്നും ഉണ്ടാവാന്‍ പാടില്ല എന്ന കൃത്യമായ അജണ്ട ഉണ്ടായിരിക്കണം. അപര്‍ണയുടെ മുഖം ഇനി റിപ്പോര്‍ട്ടറിന്റെ മുഖമായി ഉണ്ടാവാന്‍ പാടില്ലെന്ന് ആരൊക്കെയോ തീരുമാനിച്ചിരിക്കുന്നുവെന്നായിരുന്നു എന്റെ ബോധ്യം. അത് ശരിയായിരുന്നു എന്ന് തെളിയിക്കുന്ന കാര്യങ്ങളായിരുന്നു പിന്നീടുണ്ടായത്.

ഏകദേശം ഒരു ദിവസം എടുത്തായിരുന്നു ഷൂട്ട് ഒക്കെ നടക്കുന്നത്. മൂന്നോ നാലോ കോസ്റ്റ്യൂമിലായിരുന്നു ആ ഷൂട്ട് നടന്നത്. പുതിയ സംവിധാനത്തിന്റെ ഭാഗമായി ട്രയല്‍ റീഡിങും ആവശ്യപ്പെട്ടു. ട്രയല്‍ റീഡിങ്ങ് നടന്നപ്പോള്‍ ഗംഭീരമായെന്ന് പറഞ്ഞ് അവിടെയുണ്ടായിരുന്ന മുഴുവന്‍ ടീമും എന്നെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.

എന്നാല്‍ അടുത്തദിവസം ഞാന്‍ വാര്‍ത്താ അവതരണത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു. സ്വാഭാവികമായും അത് ചോദ്യം ചെയ്യപ്പെടണമെന്ന് എനിക്ക് തോന്നി. ഞാന്‍ നേരെ മാനേജിങ് ഡയറക്ടറെ കാണുന്നു. എനിക്ക് തുടര്‍ച്ചയായി അവസരങ്ങള്‍ നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ ചോദിച്ചു. എന്റെ പൊസിഷനെക്കുറിച്ചും എന്റെ ഓണ്‍ സ്‌ക്രീന്‍ പ്രസന്‍സിനെ കുറിച്ചും, എന്റെ ആങ്കറിങ്ങിനെ കുറിച്ചും എനിക്ക് കൃത്യമായ ധാരണ ഉണ്ടെന്ന് പറഞ്ഞു.

അപര്‍ണ സീനിയര്‍ ന്യൂസ് എഡിറ്ററാണ്, കോര്‍ഡിനേറ്റിങ് എഡിറ്റര്‍ കഴിഞ്ഞാല്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ പൊസിഷനില്‍ മറ്റാരുമില്ലെന്ന് എനിക്ക് മറുപടി തന്നു. എനിക്കൊരു പദവി തന്ന് ഒതുക്കി ഇരുത്തേണ്ടെന്നും അതിന് ഞാന്‍ സമ്മതിക്കില്ലെന്നും തിരിച്ച് പറഞ്ഞു.

ഞാനൊരു ജേര്‍ണലിസ്റ്റായി തന്നെയാണ് ഇത്രയും കാലം ജോലി ചെയ്തത്. ജനങ്ങളുടെ ചോദ്യമാണ് ചോദിച്ചുകൊണ്ടിരുന്നത്. ആ ചോദ്യങ്ങള്‍ ഇനിയും ചോദിച്ച് കൊണ്ടേയിരിക്കുമെന്നും എനിക്കതിനുള്ള അവസരം ഉണ്ടാകണമെന്നും അല്ലെങ്കില്‍ ഞാന്‍ റിയാക്ട് ചെയ്യുമെന്നും പറഞ്ഞു.

തത്കാലം അപര്‍ണയെ ഓണ്‍ സ്‌ക്രീനില്‍ പ്രസന്റ് ചെയ്യാന്‍ പറ്റില്ല എന്നതായിരുന്നു അടുത്ത നിലപാട്. എഡിറ്റോറിയല്‍ ടീമിലുള്ളവര്‍ക്ക് മാത്രമേ പ്രസന്റ് ചെയ്യാന്‍ പറ്റുവെന്ന് അറിയിച്ചു. നിങ്ങളെന്നെ എഡിറ്റോറിയല്‍ ടീമില്‍ നിന്നും ഒഴിവാക്കിയത് ഇതേ അജണ്ട മനസ്സില്‍ വച്ചായിരുന്നില്ലേ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. കാരണം, ഞാന്‍ കൃത്യമായി ബി.ജെ.പിക്കെതിരെ ചര്‍ച്ചകള്‍ നടത്തും. ബി.ജെ.പിക്കെതിരെ നിലപാടുകള്‍ എടുക്കും. ഞാന്‍ ഓണ്‍ എയറില്‍ കയറിയാല്‍ ഇവര്‍ക്കെന്നെ നിയന്ത്രിക്കാന്‍ പറ്റില്ലെന്ന ധാരണ ഉണ്ടായിരുന്നിരിക്കണം.

ഇക്കാര്യങ്ങളൊക്കെ കഴിഞ്ഞപ്പോള്‍ ഇങ്ങനെയാണെങ്കില്‍ എനിക്ക് രാജിവെക്കേണ്ടി വരും എന്ന് പറഞ്ഞു. ഈ നിലപാടാണ് നിങ്ങള്‍ക്കെങ്കില്‍ എനിക്ക് മുന്നോട്ട് പോകാന്‍ പറ്റില്ലെന്നും, എനിക്ക് എന്റേതായ നിലപാടുണ്ടെന്നും പറഞ്ഞു. ഞാന്‍ ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് ആയിരുന്നു അവരുടെ പിന്നെയുള്ള പ്രശ്നം.

നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്താണ്, നിങ്ങളുടെ രാഷ്ട്രീയം എന്താണ്, എന്നതിനെ കുറിച്ച് എനിക്ക് നല്ല ധാരണയുണ്ടെന്നും അതുകൊണ്ടുതന്നെ ഞാന്‍ സംഘി അല്ല, നിലപാടുള്ള ആളാണെന്ന് ഉറക്കെ പറഞ്ഞുകൊണ്ടിരിക്കുമെന്നും ഞാന്‍ മറുപടി കൊടുത്തു.

അപ്പോള്‍ അവര്‍ അച്ചടക്കം പാലിച്ചുകൊണ്ടേ നില്‍ക്കാന്‍ പറ്റുകയുള്ളൂവെന്ന് പറയുന്നു. എന്റെ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് തന്നെ പോകുമെന്നും അങ്ങനെയാണെങ്കില്‍ എനിക്ക് രാജിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും എന്നും നിങ്ങള്‍ ഈ രീതിയില്‍ എന്നോട് നിലപാട് സ്വീകരിച്ചാല്‍ എന്റെ നിലപാടുകള്‍ മുറുകെപ്പിടിച്ചുകൊണ്ട് എനിക്ക് രാജിവെക്കേണ്ടി വരുമെന്നും പറഞ്ഞ് ഞാന്‍ എന്റെ ഐഡി കാര്‍ഡ് അവരുടെ മുന്നില്‍ വലിച്ചെറിഞ്ഞ് കൊണ്ട് ഇറങ്ങി വന്നു. ഇതാണ് ആ ദിവസം വരെ സംഭവിച്ചത്.

അതിനുശേഷം അവരുടെ ഗ്രൂപ്പ് പ്രസിഡന്റ് വിളിക്കുന്നു, രാജിവെക്കുന്നതിനെ കുറിച്ച് ആലോചിക്കണം എന്ന് പറയുന്നു. വൈസ് ചെയര്‍മാന്‍ അടക്കമുള്ള ആളുകള്‍ എന്നോട് ഇതേക്കുറിച്ച് സംസാരിക്കുകയുണ്ടായി. ഞാനുമായി ബന്ധപ്പെട്ട ആളുകള്‍ പറഞ്ഞു നീ ഇപ്പോള്‍ തല്‍ക്കാലം രാജിവെക്കേണ്ട ആവശ്യമില്ല. അവിടെനിന്ന് ഫൈറ്റ് ചെയ്യുകയാണ് വേണ്ടതെന്ന്.

പക്ഷേ രാജി അവര്‍ ആഗ്രഹിച്ചിരുന്നു എന്നതാണ് വേറൊരു കാര്യം. കാരണം അപര്‍ണ സെന്‍ അവിടെ നിന്ന് ഇറങ്ങിക്കഴിഞ്ഞാല്‍ അവര്‍ വിചാരിക്കുന്ന പാവകളെ വെച്ച് അവര്‍ക്ക് പ്ലേ ചെയ്യാമെന്നായിരിക്കും അവര്‍ കരുതിയിരുന്നത്. നികേഷ് സര്‍ അതിലൊക്കെ സൈലന്റ് ആയിരിക്കുന്നത് അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ അതായത് കൊണ്ടായിരിക്കാം. കാരണം അത്രയും ധൈര്യശാലിയായ ഒരു മാധ്യമപ്രവര്‍ത്തകന്‍ വളരെ നിസ്സഹായനായിരിക്കുന്ന കാഴ്ച സത്യസന്ധമായി ഞാന്‍ കാണുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ലന്ന് അവര്‍ പറഞ്ഞു.