Breaking News

എന്‍ എസ് എസിന്റെ നാമജപഘോഷയാത്ര: അന്വേഷണം നാലാഴ്ചത്തേക്ക് തടഞ്ഞു

സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ ഗണപതി മിത്താണെന്ന പരാമര്‍ശത്തിനെതിരെ എന്‍ എസ് എസ് നടത്തിയ നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം നാലാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. എന്‍ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് നടപടി.

തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസെടുത്ത സംഭവത്തില്‍ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതല്‍ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.

പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചു, കലാപാഹ്വാനം നടത്തി, ഗതാഗതം തടസപ്പെടുത്തി എന്നിവക്കാണ് കേസെടുത്തത്. യാത്രക്ക് നേതൃത്വം നല്‍കിയ എന്‍എസ്എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാര്‍ ഒന്നാം പ്രതി, ഒപ്പം കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കുമെതിരെയാണ് കേസ്.

നാമജപഘോഷയാത്രക്കെതിരെ കേസെടുത്തത് എ്ന്‍ എസ് എസ് നേതൃത്വത്തെ പ്രകോപിപ്പിച്ചിരുന്നു. മുഴുവന്‍ വിശ്വാസികള്‍ക്കുമെതിരെ കേസെടുക്കാന്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വെല്ലുവിളിക്കുകയും ചെയ്തു. മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ പരാമര്‍ശം തിരുത്തണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.