Breaking News

ഇന്ന് മന്നം ജയന്തി

ഇന്ന് മന്നത്ത് പത്മനാഭന്‍ ജയന്തി. സമുദായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അസ്വമത്വങ്ങളോട് പോരാടുക കൂടി ചെയ്ത സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു മന്നത്ത് പത്മനാഭന്‍. കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ സവിശേഷ സ്ഥാനമുള്ള സമുദായ ആചാര്യനാണ് മന്നം. ജയന്തിയോടനുബന്ധിച്ച് താലൂക്ക് യൂണിയനിലും കരയോഗത്തിലും ഇന്ന് പുഷ്പാര്‍ച്ചന നടക്കും.

1878 ജനുവരി 2നാണ് മന്നത്ത് പത്മനാഭന്‍ ജനിച്ചത്. ദാരിദ്ര്യത്തിനിടയിലും സ്വപ്രയത്‌നത്താന്‍ പഠിച്ച മന്നം, ഹര്‍ജി എഴുത്തുകാരനായും അധ്യാപകനായും വക്കീലായും ജോലി ചെയ്തിട്ടുണ്ട്. കേരളത്തില്‍ വളര്‍ന്ന് വികസിച്ച നവോത്ഥാന ചിന്തകളെ നായര്‍ വിഭാഗങ്ങള്‍ക്കിടയില്‍ സജീവമായി പ്രചരിപ്പിച്ചുകൊണ്ടാണ് മന്നത്ത് പത്മനാഭന്‍ രംഗപ്രവേശം ചെയ്യുന്നത്. നായര്‍ സമൂഹത്തിനകത്ത് അന്ന് നിലനിന്നിരുന്ന തെറ്റായ സമ്പ്രദായങ്ങളെയെല്ലാം തുറന്നെതിര്‍ത്തു. ആ പരിഷ്‌കാരണ പ്രവര്‍ത്തനങ്ങള്‍ കേവലം നായര്‍ സമുദായത്തില്‍ മാത്രമായി ഒതുങ്ങിയെല്ലന്നാണ് പ്രത്യേകത.

നായര്‍ സര്‍വീസ് സൊസൈറ്റി സ്ഥാപിച്ചതോടെ സാമൂഹ്യ പരിഷ്‌കരണത്തിനായി ഇതര ഹൈന്ദവ സംഘടനകളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തയാറായി. അവര്‍ണര്‍ക്കായി ക്ഷേത്ര നടകള്‍ തുറന്നുകൊടുക്കുന്നതിനും അവരുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കാനും മന്നത്ത് പത്മനാഭന്‍ എന്നും മുന്‍നിരയിലുണ്ടായിരുന്നു. സമൂഹത്തില്‍ സാമൂഹ്യനീതിയുറപ്പാക്കാന്‍ ഏറെ പ്രയത്‌നിച്ച മന്നത്തിന്റെ സ്മരണ കേരള ജനതയുടെ മനസില്‍ എന്നുമുണ്ടാകുമെന്നാണ് ഓരോ വര്‍ഷവും മന്നം ജയന്തി അടിവരയിടുന്നത്.