Breaking News

യു.പിയിൽ കോൺഗ്രസിന്റെ വനിതാ നേതാവായ പല്ലവി സിംഗ് ബി.ജെ.പിയിൽ ചേർന്നു

ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനിടെ ലഖ്‌നൗവിൽ കോൺഗ്രസിന്റെ ‘ലഡ്‌കി ഹൂൺ ലഡ് സക്തി ഹൂ’ കാമ്പയ്‌നിന്റെ പ്രചാരകരിലൊരാളായ പല്ലവി സിംഗ് ബിജെപിയിൽ ചേർന്നു. ഇതിനുമുമ്പ്, പ്രചാരണത്തിന്റെ മറ്റ് രണ്ട് മുഖങ്ങൾ – പ്രിയങ്ക മൗര്യയും വന്ദന സിംഗും — ബി.ജെ.പിയിൽ ചേർന്നിരുന്നു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഹൈക്കമാൻഡിന്റെ ഭാഗത്തു നിന്നും വേണ്ടത്ര ഇടപെടൽ ഉണ്ടായിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു വന്ദന സിംഗ് ബുധനാഴ്ച ബിജെപിയിൽ ചേർന്നത്.

“അടുത്തിടെ ചേർന്നവർക്കാണ് പാർട്ടി അവസരം നൽകുന്നത്. ആറ് വർഷമായി ഞാൻ കോൺഗ്രസിൽ പ്രവർത്തിച്ചിട്ടുണ്ട്. വനിതാ വിഭാഗം വൈസ് പ്രസിഡന്റായിരുന്നു. എന്നാൽ പ്രിയങ്കാ ഗാന്ധിയുമായി സംസാരിക്കാൻ ഞങ്ങൾക്ക് അവസരം ലഭിക്കുന്നില്ല. ഞങ്ങൾക്കുവേണ്ടി പോലും പാർട്ടിയിൽ സംസാരിക്കാൻ സാധിക്കുന്നില്ല,” വന്ദന സിംഗ് പറഞ്ഞു.

നേരത്തെ, കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് പ്രിയങ്ക മൗര്യ ബി.ജെ.പിയിൽ ചേർന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ സീറ്റ് വിതരണത്തിൽ കൃത്രിമം നടന്നതായി അവർ ആരോപിച്ചിരുന്നു.

“അവർ [കോൺഗ്രസ്] എന്റെ മുഖവും എന്റെ പേരും എന്റെ 10 ലക്ഷം സോഷ്യൽ മീഡിയ ഫോളോവേഴ്‌സും പ്രചാരണത്തിനായി ഉപയോഗിച്ചു. എന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ടിക്കറ്റിന്റെ കാര്യം വന്നപ്പോൾ അത് മറ്റൊരാൾക്ക് നൽകി. ഇത് അനീതിയാണ്. എല്ലാം മുൻ‌കൂട്ടി തീരുമാനിച്ചിരുന്നു,” പ്രിയങ്ക മൗര്യ പറഞ്ഞു.

യുപി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വനിതാ സ്ഥാനാർത്ഥികൾക്ക് 40 ശതമാനം ടിക്കറ്റ് നൽകുമെന്ന് (അതായത് 160 സ്ഥാനാർത്ഥികൾക്ക്) കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേരത്തെ ലഖ്‌നൗവിൽ പ്രഖ്യാപിച്ചിരുന്നു.