Breaking News

റഷ്യ-ഉക്രെയ്ൻ പ്രതിസന്ധി: ക്രിമിയയിലെ സൈനികാഭ്യാസം അവസാനിപ്പിച്ചതായി റഷ്യ

ക്രിമിയയിലെ സൈനികാഭ്യാസം അവസാനിപ്പിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ബുധനാഴ്ച പ്രഖ്യാപിച്ചതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. റഷ്യൻ സൈനിക ഉപകരണങ്ങളും സേനയും ക്രിമിയ വിടുന്നതിന്റെ വീഡിയോ റഷ്യൻ പ്രതിരോധ മന്ത്രാലയം പങ്കിട്ടു.

ഉക്രെയ്‌ൻ പ്രശ്‌നവുമായി ബന്ധപ്പെട്ട പിരിമുറുക്കം തണുപ്പിക്കുന്നതിന്റെ സൂചനയായി, തങ്ങളുടെ ചില സൈനികർ ഹോം ബേസുകളിലേക്ക് മടങ്ങുകയാണെന്ന് റഷ്യ ചൊവ്വാഴ്ച പറഞ്ഞതിന് പിന്നാലെയാണ് ഈ നീക്കം.

ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് സാധ്യതയയുണ്ടെന്ന് കഴിഞ്ഞ ബുധനാഴ്ച അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഒരു ടെലിവിഷൻ പ്രസംഗത്തിൽ, സൈനികരെ പിൻവലിച്ചുവെന്ന റിപ്പോർട്ടുകൾ പരിശോധിച്ചുറപ്പിച്ചിട്ടില്ലെന്നും ഉക്രെയ്നെ വളയുന്ന റഷ്യൻ സൈനികരുടെ എണ്ണം 1,00,000 ൽ നിന്ന് 1,50,000 ആയി വർദ്ധിച്ചതായും പറഞ്ഞു.

അതിനിടെ, സൈബർ ആക്രമണങ്ങളുടെ ഒരു പരമ്പര ചൊവ്വാഴ്ച ഉക്രേനിയൻ സൈന്യത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും പ്രമുഖ ബാങ്കുകളുടെയും വെബ്‌സൈറ്റുകൾ ഓഫ്‌ലൈനാക്കി. പ്രതിരോധ, വിദേശ, സാംസ്കാരിക മന്ത്രാലയങ്ങളും ഉക്രെയ്നിലെ ഏറ്റവും വലിയ രണ്ട് സ്റ്റേറ്റ് ബാങ്കുകളും ഉൾപ്പെടെ കുറഞ്ഞത് 10 ഉക്രേനിയൻ വെബ്‌സൈറ്റുകളെങ്കിലും സൈബർ ആക്രമണങ്ങൾ കാരണം ലഭ്യമല്ല.

“സൈബർ ആക്രമണങ്ങൾ പണ്ടുമുതലേ ഉള്ള റഷ്യൻ തന്ത്രമാണ്. ജോർജിയയുമായും ഉക്രെയ്നുമായുള്ള മുൻ സൈനിക ഏറ്റുമുട്ടലുകളിൽ റഷ്യ സൈബർ ആക്രമണം നടത്തിയിരുന്നു. “ഇത് അവരുടെ പ്ലേബുക്കിന്റെ ഭാഗമാണ്,” ഒരു യൂറോപ്യൻ നയതന്ത്രജ്ഞൻ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.