Breaking News

കേരളത്തിലെ ക്രൈസ്തവരെ”ആകര്‍ഷിക്കാന്‍”കഴിയുന്നില്ലന്ന്ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍

കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ ആകര്‍ഷിക്കാന്‍ ബി ജെ പിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലന്ന് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും ക്രൈസ്തവ സമൂഹം ബി ജെ പിക്കൊപ്പം നില്‍ക്കുമ്പോഴും കേരളത്തിലെ ക്രൈസ്തവര്‍ ബി ജെ പിയോട് തൊട്ടുകൂടായ്മ പുലര്‍ത്തുകയാണെന്നാണ് ബി ജെ പി ദേശീയ നേതൃത്വം വിശ്വസിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവേദ്കര്‍ അടക്കമുള്ള നേതാക്കള്‍ കേരളത്തില്‍ വന്നു ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി നിരന്തര ചര്‍ച്ചകള്‍ നടത്തിയിട്ടും ക്രൈസ്തവ ജനസാമന്യം ബി ജെ പിക്ക് നേരെ മുഖം തിരിക്കുകയാണെന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വം തിരിച്ചറിയുന്നത്.

ഉത്തരേന്ത്യയില്‍ മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ തീവ്രഹിന്ദു ഗ്രൂപ്പുകള്‍ നടത്തുന്ന ആക്രമണത്തില്‍ ശക്തിയായ പ്രതിഷേധമാണ് കേരളത്തിലെ ക്രൈസ്തവര്‍ക്കുളളത്. കേന്ദ്രബി ജെ പി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലും കേരളത്തിലെ ക്രിസ്ത്യന്‍ ബീഷപ്പുമാര്‍ തങ്ങളുടെ പ്രതിഷേധം ശക്തിയായി അറിയിച്ചിരുന്നു. കേരളത്തില്‍ ക്രൈസ്തവര്‍ പൊതുവേ മതേതര നിലപാട് പുലര്‍ത്തുന്നവരാണെന്നും അവരെയൊക്കെ ബി ജെ പിയുടെ കൊടിക്കീഴില്‍ കൊണ്ടുവരിക അത്രയൊന്നും എളുപ്പമല്ലന്നും ക്രൈസ്്തവ മധമേലധ്യക്ഷന്‍മാര്‍ ബി ജെ പി നേതൃത്വത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ മാസം തൃശൂരിലെത്തിയ കേന്ദ്ര ന്യുനപക്ഷ കാര്യമന്ത്രി ജോണ്‍ ബിര്‍ലയും നിരവധി ക്രൈസ്തവ ബിഷപ്പുമാരെ കണ്ടിരുന്നു. ക്രിസ്തുമസിനോടനുബന്ധിച്ച് തൃശൂരില്‍ നടക്കുന്ന പ്രശസ്തമായ ബോണ്‍ നതാലെ ആഘോഷത്തിലും ജോണ്‍ ബിര്‍ല പങ്കുകൊണ്ടിരുന്നു. എന്നാല്‍ ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ പലരും ബി ജെ പിയോട് പരസ്യമായി അടുക്കാന്‍ വിമുഖത കാണിക്കുകയാണെന്ന് ബി ജെ പി നേതൃത്വം കരുതുന്നു.

കേരളത്തിലെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ബി ജെ പി യെ മാറ്റി നിര്‍ത്തി കേന്ദ്ര നേതൃത്വം നേരിട്ടാണ് കേരളത്തിലെ ക്രൈസ്തവ ബിഷപ്പുമാരുമായി ആശയവിനിമയം നടത്തുന്നത്. ദേശീയ ബി ജെ പി നേതൃത്വം നല്‍കിയ ഉറപ്പുകളൊടൊക്കെ തങ്ങള്‍ക്ക് അനുകൂല മനോഭാവമാണ് ഉള്ളതെങ്കിലും വിശ്വാസി സമൂഹത്തെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെന്ന് വരില്ലന്നാണ് ബിഷപ്പുമാരുടെ നിലപാട് .കൂടുതലും കോണ്‍ഗ്രസ്- കേരളാ കോണ്‍ഗ്രസ് അനുകൂലികളാണ് പരമ്പരാഗതമായി കേരളത്തിലെ ക്രൈസ്തവ സമൂഹം, എന്നാല്‍ 2016 ലെ തിരഞ്ഞെടുപ്പ് മുതല്‍ സി പി എമ്മിനോടും വലിയൊരു വിഭാഗം അനുഭാവം പുലര്‍ത്തുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ ക്രൈസ്തവ സമുഹത്തെ ബി ജെ പിയിലേക്ക് അടുപ്പിക്കുക ദുഷ്‌കരമാണെന്നാണ് കേന്ദ്ര ബി ജെപി നേതൃത്വം കരുതുന്നു.

ക്രൈസ്തവ മാനേജ്‌മെന്റുകള്‍ക്ക് കീഴിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രത്യേകിച്ച് സ്വകാര്യ- സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്നുംധാരാളം സഹായം ലഭ്യമാക്കുന്ന കാര്യം ഒരോ വരവിലും ബി ജെ പി നേതാക്കള്‍ കേരളത്തിലെ ക്രൈസ്തവ മത മേലധ്യക്ഷന്‍മാരെ അറിയിക്കുന്നുണ്ട്. സഭാ മാനജ്‌മെന്റിന്റെ കീഴിലുള്ള കോളജുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ നിന്നുളള സാമ്പത്തികസഹായവും ബി ജെ പി നേതൃത്വം ഉറപ്പു നല്‍കിയിരുന്നതായി സൂചന. എന്നിട്ടും ക്രൈസ്തവ ജനസാമാന്യത്തിനെ സ്വാധീനിക്കാന് ഇതു കൊണ്ടൊന്നും കഴിയുന്നില്ലന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വം കണ്ടെത്തിയിരിക്കുന്നത്.