Breaking News

KMSCLഗോഡൗണുകളിലെ തീപിടുത്തം; അഴിമതി ഇടപാടുകളിലെ തെളിവ് നശിപ്പിക്കാൻ, ഗുരുതരമായ ആരോപണവുമായി വി ഡി സതീശൻ

മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗുരുതരമായ ആരോപണങ്ങളാണ് ഈ വിഷയത്തിൽ അദ്ദേഹം ഉയർത്തിയിരിക്കുന്നത്. ക്ലോറിൻ സാന്നിധ്യം കൂടുതലുള്ള ബ്ലീച്ചിങ് പൗഡറാണ് തീപിടിത്തത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. ഇത് കോവിഡ് കാലത്തെ അഴിമതി ഇടപാടുകളിലെ തെളിവുകൾ നശിപ്പിക്കാൻ ബോധപൂർവ്വം വാങ്ങി സംഭരിച്ചതാണെന്ന സംശയമുണ്ട്. തെളിവ് നശിപ്പിച്ച ശേഷം ബ്ലീച്ചിങ് പൗഡർ തിരികെക്കൊടുക്കാനുള്ള ശ്രമമമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ചൂട് കൂടുതലാണ് തീപ്പിടത്തത്തിന് കാരണമെങ്കിൽ ചൂടുകുറഞ്ഞ രാത്രിയിൽ തീപ്പിടുത്തം എങ്ങനെ ഉണ്ടായി?, സംഭരിച്ചു വെച്ച സമയത്ത് തീപ്പിടിക്കാതിരുന്നത് എന്തുകൊണ്ടെന്നും സതീശൻ ചോദിക്കുന്നു. ഗോഡൗണുകളിലെ തുടർച്ചയായ തീപ്പിടുത്തത്തിന് പിന്നാലെ പുതിയ സ്റ്റോക്ക് ബ്ലീച്ചിങ് പൗഡർ തിരിച്ചെടുക്കുന്നതിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്.

എന്നാല്‍ മുന്‍ വര്‍ഷത്തെ സ്റ്റോക്ക് അടക്കം ആറു ലക്ഷം കിലോയുടെ സ്‌റ്റോക്ക് ഉള്ളപ്പോഴാണ് ബങ്കെ ബിഹാരി കമ്പിനിക്ക് 5.40 ലക്ഷം കിലോയുടെ ഓര്‍ഡര്‍ ക്വട്ടേഷന്‍ പോലും ക്ഷണിക്കാതെ നല്‍കിയത്. ഓരോ വെയര്‍ഹൗസിലേക്കും രണ്ടു ലോറികളിലായി ഈ ഓര്‍ഡര്‍ പ്രകാരം കൊണ്ടുവന്ന ബ്ലീച്ചിങ് പൗഡറാണ് അപകടമുണ്ടാക്കുന്നത്.

സംസ്ഥാനത്ത് തന്നെയുള്ള കമ്പനി കിലോയ്ക്ക് 39 രൂപയ്ക്ക് നല്‍കാമെന്നേറ്റ ബ്ലീച്ചിങ്ങ് പൗഡറാണ് 48 രൂപ കൊടുത്ത് 13 ലക്ഷം കിലോ സംഭരിക്കുന്നത്. ഇതിനകം തന്നെ ഒരുകോടി രൂപയ്ക്കുമേല്‍ അധികച്ചെലവ് വന്നിരുന്നു. അതേസമയം സംസ്ഥാനത്ത് പത്ത് ദിവസത്തിനിടെ മൂന്ന് മരുന്നു ഗോഡൗണുകളില്‍ തീപിടുത്തമുണ്ടായിട്ടും ആരോഗ്യ വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.