Breaking News

പെരിങ്ങമ്മലയിലെ കട്ടയ്ക്കാൽ റോഡ് ശോച്യാവസ്ഥയിൽ

പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ കട്ടയ്ക്കാൽ റോഡ് അധികൃതരുടെ അനാസ്ഥകാരണം ശോച്യാവസ്ഥയിലായി. പെരിങ്ങമ്മല- വിതുര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് ശോച്യാവസ്ഥയിലായിരിക്കുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള റോഡ് ഇപ്പോഴും പേരു സൂചിപ്പിക്കുന്നതു പോലെ കട്ടയ്ക്കാലിനു സമാനം തന്നെയാണ്. രണ്ടു പതിറ്റാണ്ടിനിടെ റോഡ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും റോഡിലെ കുഴികളും വെള്ളക്കെട്ടും ഇതുവരെ മാറിയിട്ടില്ല. പെരിങ്ങമ്മല, നായൊലിക്കുഴി, കട്ടയ്ക്കാൽ,
ദൈവപ്പുര, ഇക്ബാൽ കോളേജ്,
തെന്നൂർ വഴി വിതുരയിലെത്താവുന്ന ഏറ്റവും ദൂരം കുറഞ്ഞ റോഡായതിനാൽ  ഇതുവഴി ആയിരക്കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്. കോടികൾ ചെലവിട്ട് പെരിങ്ങമ്മല- കട്ടയ്ക്കാൽ- ഞാറനീലി- ചെറ്റച്ചൽ റോഡ് നവീകരിച്ചെങ്കിലും കട്ടയ്ക്കാൽ ദൈവപ്പുര ഭാഗത്തെ ഒഴിവാക്കിയെന്നു നാട്ടുകാർ പറയുന്നു. റോഡ് നിറയെ വെള്ളക്കെട്ടായതോടെ ഇവിടെ അപകടവും വർദ്ധിച്ചു. ഇരുചക്രവാഹനങ്ങളാണ് ഏറ്റവുമധികം അപകടത്തിൽപ്പെടുന്നത്.
നിരവധി സർക്കാർ സ്ഥാപനങ്ങളിലെത്തേണ്ടവർ യാത്ര ചെയ്യുന്ന റോഡാണിത്. പെരിങ്ങമ്മല പൊതുചന്ത, ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കെ.എസ്.ഇ.ബി. ഓഫീസ്, പെരിങ്ങമ്മല കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, മൃഗാശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് എത്താനുള്ള ഏക ആശ്രയമാണ് ഈ റോഡ്. റോഡിന്റെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *