Breaking News

നെയ്യാറ്റിൻകര സംഭവം; നാട്ടുകാരുടെ പ്രതിഷേധം, വസന്തയെ കരുതൽ തടങ്കലിൽ എടുത്ത് പൊലീസ്

നെയ്യാറ്റിൻകരയിൽ തർക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച ദമ്പതികൾ മരിച്ച സംഭവത്തിൽ പരാതിക്കാരിയായ വസന്തയെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തു. വസന്തക്ക് എതിരെ നാട്ടുകാരുടെ ഭാഗത്തു നിന്നും വലിയ രീതിയിൽ ഉള്ള പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ക്രമസമാധാന നില തകരാതിരിക്കാനാണ് പൊലീസ് നടപടി.

മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളെ സന്ദർശിക്കാനായി ഇന്ന് വീട്ടിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വസന്തയെ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്നും സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡിജിപി ഉത്തരവിട്ടിട്ടുണ്ട്.

സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജന്റെയും അമ്പിളിയുടെയും മക്കൾക്ക് വീടുവെച്ച് നല്‍കാനുള്ള നിര്‍ദേശം മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. എത്രയുംവേഗം അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തി.

അതേസമയം സ്ഥലവുമായി ബന്ധപ്പെട്ട പരാതിയുമായി മുന്നോട്ട് പോകുമെന്നാണ് പരാതിക്കാരി വസന്ത പറയുന്നത്. നേരത്തെ കേസുമായി മുന്നോട്ട് പോകില്ലെന്ന് വസന്ത നിലപാടെടുത്തിരുന്നു എന്നാൽ അതിൽ നിന്നും ഇപ്പോൾ പിൻവാങ്ങിയിരിക്കുകയാണ്. തർക്കസ്ഥലം തന്റേതാണെന്ന് കോടതിയിൽ തെളിയിക്കുമെന്ന് പരാതിക്കാരിയായ വസന്ത പറഞ്ഞു. ഭൂമി തന്റേതാണെന്ന് തെളിയിച്ച ശേഷം വേറെ ആർക്കെങ്കിലും വിട്ടുകൊടുക്കുന്ന കാര്യം ആലോചിക്കാമെന്നും വസന്ത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *