Breaking News

‘ഈ നാട് ഭരിക്കുന്നത് യോഗി ആദിത്യനാഥ് ആണോ? ആഭ്യന്തര മന്ത്രി കെ സുരേന്ദ്രൻ ആണോ’: ശ്രീജ നെയ്യാറ്റിൻകര

കോഴിക്കോട് വെച്ച് സാമൂഹ്യ പ്രവർത്തക ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തിൽ കേരള പോലീസിനെയും ആഭ്യന്തര മന്ത്രിയെയും രൂക്ഷമായി വിമർശിച്ച് സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര രംഗത്ത്. നടുറോഡിൽ ഹിന്ദുത്വ തീവ്രവാദികളാൽ ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ പോലീസ് ഇടപെടുന്നില്ലെന്നും വകുപ്പ് തലത്തിൽ നിന്നും നടപടിയില്ലെന്നും ആരോപണം ഉയരുന്നു. കേരളം ഭരിക്കുന്നത് യോഗി ആദിത്യനാഥും ഇവിടുത്തെ ആഭ്യന്തര മന്ത്രി കെ സുരേന്ദ്രനും ആണോ എന്ന് ശ്രീജ നെയ്യാറ്റിൻകര ചോദിക്കുന്നു. ഒരു സ്ത്രീയെ തെരുവിലിട്ട് സംഘികൾ തല്ലിക്കൊല്ലാൻ ശ്രമിക്കുമ്പോൾ ഞങ്ങൾ പെണ്ണുങ്ങൾ മൗനം പാലിക്കും എന്ന് ഇനിയും പിണറായി വിജയൻ കരുതരുതെന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ തങ്ങൾ വരുമെന്നും ശ്രീജ നെയ്യാറ്റിൻകര ഫേസ്‌ബുക്കിൽ കുറിച്ചു.

‘നടുറോഡിൽ ഹിന്ദുത്വ തീവ്രവാദികളാൽ ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ടിരിക്കുകയാണ്. എന്താണീ നാട്ടിൽ നടക്കുന്നത്? ഈ നാട് ഭരിക്കുന്നത് യോഗീ ആദിത്യനാഥ് ആണോ? ഇവിടത്തെ ആഭ്യന്തര മന്ത്രി കെ സുരേന്ദ്രൻ ആണോ? ഒരു സ്ത്രീയെ തെരുവിലിട്ട് സംഘികൾ തല്ലിക്കൊല്ലാൻ ശ്രമിക്കുമ്പോൾ ഞങ്ങൾ പെണ്ണുങ്ങൾ മൗനം പാലിക്കും എന്ന് ഇനിയും പിണറായി വിജയൻ കരുതരുത്. താങ്കളുടെ ഒദ്യോഗിക വസതിക്കു മുന്നിൽ ഞങ്ങൾ വരും ആഭ്യന്തര മന്ത്രീ’, ശ്രീജ വ്യക്തമാക്കി.

അതേസമയം, ബിന്ദു അമ്മിണിയെ ആക്രമിച്ച ആളെ പോലീസ് കണ്ടെത്തി. ബിന്ദുവിനെ ഇന്നലെ മർദിച്ചത് ബേപ്പൂർ സ്വദേശി മോഹൻദാസ് ആണെന്ന് പൊലീസ് അറിയിച്ചു. മത്സ്യത്തൊഴിലാളിയായ ഇയാൾ മദ്യലഹരിയിലായിരുന്നു. സംഘർഷത്തിൽ ഇയാൾക്കും ചെറുതായി പരിക്കേറ്റിട്ടുണ്ട്. പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ബിന്ദു അമ്മിണിക്ക് കോഴിക്കോട് നോർത്ത് ബീച്ചിൽ വച്ച് മര്‍ദ്ദനമേറ്റത്.