Breaking News

മുടിമുറിച്ചും ശിരോവസ്ത്രം വലിച്ചെറിഞ്ഞും സ്ത്രീകള്‍; ഇറാനില്‍ ഹിജാബ് വിരുദ്ധസമരത്തിന് നേരെ വെടിവെയ്പ്പ്

ഇറാനില്‍ ഹിജാബ് വിരുദ്ധസമരത്തിന് നേരെ വെടിവെയ്പ്പ്. പോലീസ് കസ്റ്റഡിയില്‍ മരിച്ച മഹ്‌സ അമിനിയുടെ 40ാം ചരമദിനം ആചരിക്കാനെത്തിയവര്‍ക്കു നേരെയാണ് സുരക്ഷാ സേന വെടിയുതിര്‍ത്തത്. മുടിമുറിച്ചും ശിരോവസ്ത്രം വലിച്ചെറിഞ്ഞുമാണ് സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഇതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.

കുര്‍ദ് നഗരമായ സാക്വസിലെ അമിനിയുടെ ഖബറിനരികെ തടിച്ചുകൂടിയ പതിനായിരത്തോളം ആളുകള്‍ക്കെതിരെയാണ് സൈന്യം മുന്നറിയിപ്പില്ലാതെ വെടിയുതിര്‍ത്തത്. സെപ്റ്റംബര്‍ 16നാണ് 22 കാരിയായ അമിനി പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. ഹിജാബ് ശരിയായ രീതിയില്‍ ധരിച്ചില്ലെന്ന് ആരോപിച്ചാണ് അമിനിയെ അറസ്റ്റ് ചെയ്തത്. പോലീസിനെതിരെ വനിതകള്‍ തെരുവില്‍ ഇറങ്ങിയതോടെ പലയിടത്തും സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു.

വെടിയുതിര്‍ത്തതിന് പിന്നാലെ അമിനിയുടെ ഖബറിടത്തിലെത്തിയ നിരവധിയാളുകളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ശിരോവസ്ത്രം ഊരി നൂറുകണക്കിനു സ്ത്രീകളും പ്രതിഷേധിച്ചിരുന്നു. ശിരോവസ്ത്രമില്ലാതെ കാറിന്റെ മുകളില്‍ കയറി നിന്ന് പ്രതിഷേധിക്കുന്ന സ്ത്രീയുടെ ചിത്രം വൈറലായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷ സേന കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടുണ്ട്.

സംഘര്‍ഷം രൂക്ഷമായതോടെ കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. അമിനിയുടെ കസ്റ്റഡി മരണത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ 250ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 600ലേറെ ആളുകളെയാണ് ഭരണകൂടം അറസ്റ്റ് ചെയ്തത്.