Breaking News

‘ഓരോ വോട്ടും അടുത്ത 25 വർഷത്തെ ഹിമാചലിന്റെ വികസനം നിർവചിക്കും’: പ്രധാനമന്ത്രി

ഹിമാചൽ പ്രദേശിൽ അധികാര തുടർച്ചയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയോര മേഖലയിൽ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് സുസ്ഥിരമായ സർക്കാർ അനിവാര്യമാണ്. 25 വർഷത്തെ ഹിമാചലിന്റെ വികസനത്തിന് ഈ തെരഞ്ഞെടുപ്പ് വഴികാട്ടിയാകുമെന്നും മോദി. പ്രധാനമന്ത്രി മാണ്ഡി ജില്ലയിലെ സുന്ദർനഗറിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത്തവണത്തെ ഹിമാചൽ തെരഞ്ഞെടുപ്പിന് പ്രത്യേകതയുണ്ട്. നവംബർ 12ന് നടക്കുന്ന തെരഞ്ഞെടുപ്പ് വരുന്ന അഞ്ച് വർഷത്തേക്ക് മാത്രമല്ല, ഓരോ വോട്ടും അടുത്ത 25 വർഷത്തേക്കുള്ള സംസ്ഥാനത്തിന്റെ വികസന യാത്രയെ നിർവചിക്കും’ – പ്രധാനമന്ത്രി പറഞ്ഞു. ‘ഏതാനും ആഴ്ചകൾക്കുമുമ്പ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കി. ഹിമാചൽ പ്രദേശിനെ സംബന്ധിച്ചടുത്തോളം അടുത്ത 25 വർഷം വളരെ നിർണായകമാണ്.’ – മോദി കൂട്ടിച്ചേർത്തു.

ഹിമാചൽ പ്രദേശിൽ ദ്രുതഗതിയിലുള്ള പുരോഗതിയും സുസ്ഥിരമായ ഒരു സർക്കാരും കൈവരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി മോദി, ഹിമാചൽ പ്രദേശിലെ ജനങ്ങളും യുവാക്കളും അമ്മമാരും സഹോദരിമാരും ഇത് നന്നായി മനസ്സിലാക്കിയതിൽ സന്തോഷമുണ്ടെന്നും പ്രതികരിച്ചു. ബി.ജെ.പി സ്ഥിരത, സേവനം, സമത്വം എന്നിവയ്‌ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് ജനങ്ങൾക്ക് അറിയാമെന്നും വികസനത്തിന് ഉയർന്ന മുൻഗണന നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി അവകാശപ്പെട്ടു.