Breaking News

മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മാണ ചുമതല തമിഴ്‌നാടിന് നല്‍കണം, പാലരിവട്ടം പാലത്തിന്റെയും കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്റ്റാന്റിന്റെയും അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാണ്: ഹരീഷ് പേരടി

മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ‘മുല്ലപ്പെരിയാര്‍ പുതിയ അണക്കെട്ട്; പ്രാരംഭ നടപടികള്‍ ആരംഭിച്ചു’ എന്ന വാര്‍ത്ത പങ്കുവച്ചാണ് നടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പുതിയ ഡാം നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. എന്നാല്‍ നിര്‍മാണ ചുമതല തമിഴ്നാടിനെ ഏല്‍പ്പിക്കണം എന്നാണ് ഹരീഷ് പേരടി പറയുന്നത്.

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, പാലാരിവട്ടം പാലം തുടങ്ങിയ പദ്ധതികള്‍ പോലെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യം പറയുന്നത്. തമിഴ്നാടിനെ പദ്ധതി ഏല്‍പ്പിച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് സുഖമായി ഉറങ്ങാമെന്നും ഹരീഷ് പേരടി കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്:

2019ല്‍ പറഞ്ഞതാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഇപ്പോഴും ഒരു പുതിയ ഡാം ഉണ്ടാക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്…പക്ഷെ നിര്‍മ്മാണ ചുമതല തമിഴ്‌നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്…പാലരിവട്ടം പാലത്തിന്റെയും കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്റ്റാന്റിന്റെയും അനുഭവത്തിന്റെ വെളിച്ചത്തില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ പറയുകയാണ്…

തമിഴ്‌നാട് ആവുമ്പോള്‍ അവര്‍ നല്ല ഡാം ഉണ്ടാക്കും കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനമായി കിടന്നുറങ്ങാം…അല്ലെങ്കില്‍ ഡാമില്‍ വെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തേണ്ടി വരും…

അതേസമയം, കനത്ത മഴയെ തുടര്‍ന്ന് മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ജല നിരപ്പ് 136 അടിയിലെത്തി. ഇതോടെ തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം രാത്രി മഴ ശക്തിയാര്‍ജ്ജിച്ചതോടെ സെക്കന്റില്‍ അയ്യായിരത്തി അറുനൂറ്റിയമ്പത് ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *