Breaking News

മസ്‌ക് പണിതുടങ്ങി; 75 ശതമാനം ജീവനക്കാരുടെയും പണിപോകും; ലോകത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലിനരികെ ട്വിറ്റര്‍

മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററില്‍ നിന്ന് കൂട്ടപിരിച്ചുവിടല്‍ നടപ്പാക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്. പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടിക തയാറാക്കാന്‍ മാനേജര്‍മാര്‍ക്ക് മസ്‌ക് നിര്‍ദേശം നല്‍കിയെന്ന് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ 75 ശതമാനം ജീവനക്കാരെയും മസ്‌ക് പിരിച്ചുവിടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

കമ്പനിയിലെ ജീവനക്കാരെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നേരത്തെ തന്നെ മസ്‌ക് വ്യക്തമാക്കിയിരുന്നു. 75 ശതമാനം ആളുകളെ വെട്ടി കുറച്ചാല്‍ ചെലവ് കുറയുന്നതിനോടൊപ്പം ലാഭക്ഷമത ഉയരുമെന്നും ഇത് കൂടുതല്‍ നിക്ഷേപകരെ കമ്പനിയിലേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മസ്‌ക് പണിതുടങ്ങിയിരിക്കുന്നത്. 75 ശതമാനം ജീവനക്കാരെയും പിരിച്ചുവിടാനുള്ള തീരുമാനത്തില്‍ മസ്‌ക് ഉറച്ചു നിന്നാല്‍ അടുത്തിടെ ലോകത്ത് നടന്ന ഏറ്റവും വലിയ കൂട്ടപിരിച്ചുവിടലായിരിക്കും ഇത്.

ട്വിറ്റര്‍ ഏറ്റെടുത്ത ഉടനെ ഇന്ത്യാക്കാരനായ സി.ഇ.ഒ പരാഗ് അഗ്രവാളിനെ മസ്‌ക് പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ നെഡ് സെഗല്‍, പോളിസി ചീഫ് വിജയ ഗദ്ദെ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെയും പുറത്താക്കിയിരുന്നു.
വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളില്‍ തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് മസ്‌ക് കടുത്ത നടപടികളിലേക്ക് കടന്നത്.

പുറത്താക്കപ്പെട്ട പരാഗ് അഗര്‍വാള്‍ അടക്കമുള്ള കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നഷ്ടപരിഹാര തുകയായി ട്വിറ്റര്‍ 100 മില്യണ്‍ ഡോളറിലധികം നല്‍കേണ്ടിവരും. അടിസ്ഥാന ശമ്പളവും ഓഹരികള്‍ തിരിച്ചെടുക്കുന്നതിന്റെയും മറ്റുമായാണ് ഇത്രയും തുക നല്‍കേണ്ടി വരുന്നത്.

ബ്ലൂംബെര്‍ഗ് ന്യൂസിന്റെ കണക്കുകൂട്ടലുകള്‍ പ്രകാരം, ഒരു വര്‍ഷം മുമ്പ് ഈ റോളിലേക്ക് ചുവടുവെച്ച ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പരാഗ് അഗര്‍വാളിന് ഏകദേശം 50 മില്യണ്‍ ഡോളര്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗല്‍, ലീഗല്‍ ഓഫിസര്‍ വിജയ ഗാഡ്ഡെ എന്നിവര്‍ക്ക് യഥാക്രമം 37 മില്യണ്‍ ഡോളറും 17 മില്യണ്‍ ഡോളറും നഷ്ടപരിഹാരം നല്‍കേണ്ടി വരും.