Breaking News

‘ഹിന്ദു പഴയ ഹിന്ദുവല്ല, ഉണർന്ന ഹിന്ദുവാണ്’: മേപ്പടിയാനിൽ വിദ്വേഷ അജണ്ട ഒളിച്ചുകടത്തുന്നു, പരിഹാസ്യമായി മാറുന്നു: ശൈലൻ

നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നിർമിച്ചഭിനയിച്ച ‘മേപ്പടിയാൻ’ കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് എങ്ങും റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, സിനിമയിലൂടനീളം വിദ്വേഷ അജണ്ട ഒളിച്ചുകടത്താൻ സംവിധായകനും നിർമ്മാതാവായും ശ്രമിച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്. സംവിധായകന്റെയും നിർമാതാവിന്റെയും വിദ്വേഷ അജണ്ട ഒളിച്ചുകടത്തുവാൻ വിനിയോഗിക്കുന്നതിലൂടെ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ച മുഴുവൻ കഴിവും പരിഹാസ്യമായി മാറുന്ന അനുഭവം ആണ് ടോട്ടാലിറ്റിയിൽ മേപ്പടിയാൻ സമ്മാനിക്കുന്നതെന്ന് സിനിമാ നിരൂപകൻ ശൈലൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

ഭക്തനും നിഷ്‌കു-നെന്മകോംബോ പ്രൊഡക്റ്റുമായ ഹിന്ദുജുവാവിനെ തഞ്ചം കിട്ടിയാൽ വഞ്ചിക്കാനും ചവുട്ടിതാഴ്ത്താനും തക്കം പാർത്തുനിൽക്കുകയാണ് ഇവിടുത്തെ ഇതരസമുദായങ്ങൾ എന്ന കരളലിയിപ്പിക്കുന്ന കദനസത്യമാണ് സിനിമ മുന്നോട്ട് വെക്കുന്നതെന്ന് ശൈലൻ പരിഹസിച്ചു.

ശൈലന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

പ്രേക്ഷകന് എളുപ്പത്തിൽ റിലേറ്റ് ചെയ്യാവുന്ന വിഷയമാണ് മേപ്പടിയാന്റെത്.. നവാഗതനാണെങ്കിലും പണി അറിയുന്ന സംവിധായകനാണ് വിഷ്ണുമോഹൻ എന്നതും എടുത്തുപറയാം. സ്ക്രിപ്റ്റും മേക്കിംഗും ഒക്കെ 100% engaging.. തുടക്കം മുതലേ ഓരോ ഘട്ടത്തിലും ആവശ്യമായ conflicts വിന്യസിച്ചുകൊണ്ട് കൃത്യമായ ടെൻഷൻക്രിയേറ്റ് ചെയ്യുന്നതിലും ആ പിരിമുറുക്കം അവസാനം വരെ നിലനിർത്തുന്നതിലും സിനിമ വിജയിക്കുന്നുണ്ട്. പക്ഷെ, ആ കഴിവ് മുഴുവൻ സംവിധായകന്റെയും നിർമാതാവിന്റെയും വിദ്വേഷ അജണ്ട ഒളിച്ചുകടത്തുവാൻ വിനിയോഗിക്കുന്നതിലൂടെ പരിഹാസ്യമായി മാറുന്ന അനുഭവം ആണ് ടോട്ടാലിറ്റിയിൽ മേപ്പടിയാൻ സമ്മാനിക്കുന്നത്. ഒളിച്ചുകടത്തുക എന്നൊന്നും പറയാൻ പറ്റില്ല പരസ്യമായി തന്നെയാണ് കെളത്തുന്നത്.

ഭക്തനും നിഷ്‌കു-നെന്മകോംബോ പ്രൊഡക്റ്റുമായ ഹിന്ദുജുവാവിനെ തഞ്ചം കിട്ടിയാൽ വഞ്ചിക്കാനും ചവുട്ടിതാഴ്ത്താനും തക്കം പാർത്തുനിൽക്കുകയാണ് ഇവിടുത്തെ ഇതരസമുദായങ്ങൾ എന്ന കരളലിയിപ്പിക്കുന്ന കദനസത്യമാണ് സിനിമ മുന്നോട്ട് വെക്കുന്നത്. ഇങ്ങോട്ട് വച്ച പാരയേക്കാൾ വലിയ ചതി തിരിച്ചു കൊടുക്കാൻ, അയ്യപ്പസ്വാമി നായകന് തുണയാകും എന്ന മഹദ്സന്ദേശവും മേപ്പടിയാൻ ഉയർത്തിപ്പിടിക്കുന്നു.. not the point, തിരിച്ച് ചതിക്കാൻ ഭക്തിയോ നന്മയോ നിഷ്കളങ്കതയോ അയ്യപ്പസ്വാമിയോ ഒന്നും പ്രതിബന്ധമല്ല, ഹിന്ദു പഴയ ഹിന്ദുവല്ല, ഉണർന്ന ഹിന്ദുവാണ്. രാഷ്ട്രീയമോ പലപ്പോഴും പുറത്തു ചാടുന്ന വിവരമില്ലായ്മയോ ഒന്നും നോക്കാതെ ഉണ്ണി മുകുന്ദൻ എന്ന നടനെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. ഉണ്ണിയുടെ സിനിമകൾക്ക് ഞാൻ ഇട്ട റിവ്യൂകൾ സാക്ഷ്യം.. മാസ്റ്റർ പീസിൽ ഉണ്ണിയാണ് ഷോസ്റ്റീലർ എന്ന് ഫിൽമീബീറ്റിൽ എഴുതിയതിന് ഇക്കാഫാൻസ് എന്നെ മയമില്ലാത്ത തെറി വിളിച്ചിട്ടുണ്ട്.. വിക്രമാദിത്യനും സ്റ്റൈലും ഒക്കെ ടിവിയിൽ വരുമ്പോൾ ആസ്വദിക്കാൻ എനിക്ക് ഇപ്പോഴും ഒരു ബുദ്ധിമുട്ടും ഇല്ല.

അതേ സ്നേഹവും കൊണ്ടാണ് , ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിച്ച മേപ്പടിയാൻ കാണാൻ ഏറെ താല്പര്യത്തോടെ കേറിയതും.. പക്ഷെ, പൊന്നനിയാ ഉണ്ണിക്കുട്ടാ, ഇജ്‌ജാതി വിദ്വേഷവും ചൊറിച്ചിലുകളും ഉള്ളിൽ വച്ച് അതിന്റെ പ്രചരണാർത്ഥം ആണ് സിനിമാ നിർമ്മാണത്തിന് ഇറങ്ങിയത് എങ്കിൽ അനിയനെ അയ്യപ്പസ്വാമി രക്ഷിക്കട്ടെ. നിന്റെയൊക്കെ വർഗീയച്ചൊറി ഏറ്റുപിടിച്ച്, നിനക്കൊക്കെ കലിപ്പുള്ളവർക്ക് പണി കൊടുക്കുന്ന കൊട്ടേഷൻവർക്കാണു മൂപ്പര്ക്ക് എന്ന ഉത്തമബോധ്യം മുന്നോട്ട് നയിക്കട്ടെ. അതിനിടെ, കുന്തളിപ്പ് കാണിച്ച് ഉള്ള കഞ്ഞിയിൽ അയ്യപ്പസ്വാമിയെക്കൊണ്ട് പൂഴി വാരി ഇടീപ്പിക്കരുത് എന്ന് മാത്രേ പറയാനുള്ളൂ.