Breaking News

ആരാണ് കങ്കണ? അവരുടെ ഒരു സിനിമ പോലും ഞാന്‍ കണ്ടിട്ടില്ല: ഹൈക്കോടതി വിധിയ്ക്ക് പിന്നാലെ മുംബൈ മേയര്‍

മുംബൈ: നടി കങ്കണ റണൗത്തിന്റെ കെട്ടിടം പൊളിച്ചുമാറ്റിയതിന് പിന്നില്‍ പ്രതികാരനടപടിയല്ലെന്ന് മുംബൈ മേയര്‍ കിഷോരി പട്‌നേക്കര്‍. കെട്ടിടം പൊളിച്ചുമാറ്റിയത് നിയമലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടതിനാലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘നടപടിയെടുക്കേണ്ടി വന്നത് അത് ഒഴിവാക്കാന്‍ പറ്റാത്തതാണ് എന്നതിനാലാണ്. വ്യക്തിപരമായി എനിക്കവരെ (കങ്കണ) അറിയില്ല. സമയമില്ലാത്തതിനാല്‍ ഞാന്‍ അവരുടെ സിനിമ കണ്ടിട്ടില്ല’, പട്‌നേക്കര്‍ പറഞ്ഞു.

നേരത്തെ മുംബൈയിലെ ഓഫീസ് പൊളിച്ചതിനെതിരെ കങ്കണ റണൗത്ത് നല്‍കിയ ഹരജിയില്‍ മുംബൈ കോര്‍പ്പറേഷന്റേത് പ്രതികാര നടപടിയാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കോടതി നോട്ടീസ് നല്‍കുകയും ചെയ്തു. 2021 മാര്‍ച്ചിന് മുമ്പായി നഷ്ടപരിഹാരം കണക്കാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം കങ്കണയുടെ പരസ്യ പ്രസ്താവനകള്‍ക്കെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. നാശനഷ്ടങ്ങള്‍ക്ക് മുംബൈ ഹൈക്കോടതിയില്‍ നിന്ന് രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കങ്കണ കോടതിയെ സമീപിച്ചിരുന്നത്.

മഹാരാഷ്ട്ര സര്‍ക്കാരിനെതിരായി താന്‍ നിരന്തരം വിമര്‍ശനം ഉന്നയിച്ചതിന്റെ പ്രതികാര നടപടിയായാണ് ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റിയതെന്നും അവര്‍ ഹരജിയില്‍ ആരോപിച്ചിരുന്നു.

ബാന്ദ്രയിലെ പാലി ഹില്ലില്‍ പാര്‍പ്പിടകേന്ദ്രമെന്ന് പറഞ്ഞ് കങ്കണ വാങ്ങിയ കെട്ടിടത്തില്‍ നഗരസഭയുടെ അനുമതിയില്ലാതെ കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതികളും വരുത്തിയെന്നായിരുന്നു മുംബൈ നഗരസഭാധികൃതരുടെ ആരോപണം.

അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കങ്കണയുട മണികര്‍ണിക ഫിലിംസിന്റെ ഓഫീസിനുമുന്നില്‍ നോട്ടീസ് പതിച്ചതിനുശേഷമായിരുന്നു കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയത്.

അതേസമയം ഹൈക്കോടതിയുടെ വിധിക്ക് പിന്നാലെ പ്രതികരണവുമായി കങ്കണ റണൗത്ത് രംഗത്തെത്തിയിരുന്നു.

” വ്യക്തികള്‍ സര്‍ക്കാരിനെതിരായി നില്‍ക്കുകയും അവര്‍ വിജയിക്കുകയും ചെയ്യുമ്പോള്‍ അത് വ്യക്തികളുടെ വിജയമല്ല. ജനാധിപത്യത്തിന്റെ വിജയമാണ്. എനിക്ക് ധൈര്യം പകര്‍ന്നു തന്ന എല്ലാവര്‍ക്കും നന്ദി.

എന്റെ തകര്‍ന്ന സ്വപ്നം നോക്കി ചിരിച്ചവര്‍ക്കും നന്ദി. നിങ്ങള്‍ വില്ലന്റെ വേഷം ചെയ്യുന്നത് കൊണ്ട് മാത്രമാണ് എനിക്ക് ഹീറോയാകാന്‍ സാധിക്കുന്നത്”, കങ്കണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *